ഇഡ്ലിബിൽ 73 പേർ കൊല്ലപ്പെട്ടു
ഇഡ്ലിബിൽ 73 പേർ കൊല്ലപ്പെട്ടു
Monday, December 5, 2016 2:11 PM IST
ഡമാസ്കസ്: സിറിയയിലെ ഇഡ്ലിബ് പ്രവിശ്യയിൽ റഷ്യയുടെയും സിറിയയുടെയും യുദ്ധവിമാനങ്ങൾ നടത്തിയ ആക്രമണത്തിൽ 73 പേർ കൊല്ലപ്പെട്ടു. മരാത് അൽനുമാൻ പട്ടണത്തിൽ അഞ്ചു കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ 11 പേർക്കു ജീവഹാനി നേരിട്ടു.

നിരോധിത ബാരൽ ബോംബുകൾ ഇഡ്ലിബിൽ വർഷിച്ചതായി സിറിയൻ ഒബ്സർവേറ്ററി ആരോപിച്ചു.
ഇതിനിടെ സിറിയയിലെ രണ്ടാമത്തെ വലിയനഗരമായ ആലപ്പോയിൽ യുദ്ധം രൂക്ഷമായി. കിഴക്കൻ ആലപ്പോയിലെ വിമതർക്ക് എതിരേയാണു പോരാട്ടം. ആലപ്പോയിൽ സമാധാനത്തിനുള്ള ശ്രമം നടക്കുകയാണെന്നും ഇക്കാര്യത്തിൽ യഎസുമായി ധാരണയിലെത്തിയാൽ പിന്നീടു കിഴക്കൻ ആലപ്പോ വിടാൻ വിസമ്മതിക്കുന്നവരെ ഭീകരരായി കണക്കാക്കി നേരിടുമെന്നും റഷ്യ മുന്നറിയിപ്പു നൽകി.


കിഴക്കൻ ആലപ്പോയിൽനിന്ന് ഒഴിഞ്ഞുപോകുക അല്ലെങ്കിൽ മരിക്കാൻ തയാറാവുക എന്ന മാർഗമേ ഭീകരർക്ക് അവശേഷിച്ചിട്ടുള്ളുവെന്നു സിറിയ അന്ത്യശാസനം നൽകി.

വിവിധ വിമതഗ്രൂപ്പുകളോടൊപ്പം അൽക്വയ്ദ ബന്ധമുള്ള ഭീകരരും കിഴക്കൻ ആലപ്പോയിലുണ്ട്. ഈയിടെ കിഴക്കൻ ആലപ്പോയിൽനിന്ന് അമ്പതിനായിരത്തിലധികം സാധാരണക്കാർ പലായനം ചെയ്ത് സർക്കാർ നിയന്ത്രിത പടിഞ്ഞാറൻ മേഖലയിലെത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.