സോഷ്യലിസം സംരക്ഷിക്കും: റൗൾ കാസ്ട്രോ
സോഷ്യലിസം സംരക്ഷിക്കും: റൗൾ കാസ്ട്രോ
Sunday, December 4, 2016 11:15 AM IST
സാന്റിയാഗോ: തന്റെ സഹോദരൻ അന്തരിച്ച ഫിഡൽകാസ്ട്രോ കാണിച്ചു തന്ന സോഷ്യലിസ്റ്റ് പാതയിലൂടെ ക്യൂബ തുടർന്നും ചരിക്കുമെന്നും സോഷ്യലിസം നടപ്പാക്കുന്നതിന് എതിരേയുള്ള ഏതു തടസവും ഭീഷണിയും മറികടക്കുമെന്നും ക്യൂബൻ പ്രസിഡന്റ് റൗൾ കാസ്ട്രോ.

ഫിഡൽ കാസ്ട്രോയുടെ ചിതാഭസ്മം മറവു ചെയ്യുന്നതിനു മുമ്പ് അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിക്കുന്നതിനു സാന്റിയാഗോ നഗരത്തിലെ സെൻട്രൽ പ്ളാസയിൽ തിങ്ങിക്കൂടിയ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു റൗൾ. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ, ബ്രസീൽ മുൻപ്രസിഡന്റ് ദിൽമാ, നിക്കരാഗ്വൻ നേതാവ് ഡാനിയൽ ഒർട്ടേഗ, തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഇന്നലെ സാന്റിയാഗോയിലെ സാന്റാ ഇഫ്ജീനിയ സെമിത്തേരിയിൽ ഫിഡൽ കാസ്ട്രോയുടെ ചിതാഭസ്മം മറവു ചെയ്തു. ഇതോടെ ഒമ്പതു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം അവസാനിച്ചു.

സെമിത്തേരിയിലെ ചടങ്ങുകൾ ടിവിയിൽ തൽസമയ സംപ്രേഷണം നടത്താനുള്ള പദ്ധതി അവസാനനിമിഷം റദ്ദാക്കി. സ്വകാര്യ ചടങ്ങായതിനാലാണു സംപ്രേഷണം വേണ്ടെന്നു വച്ചത്. ഹവാനയിൽ നിന്ന് ആയിരത്തോളം കിലോമീറ്റർ അകലെയുള്ള സാന്റിയാഗോയിൽ എത്തിച്ച ചിതാഭസ്മവും വഹിച്ചുള്ള പേടകവുമായി സൈനിക ജീപ്പ് രാവിലെ ഏഴിനു സെമിത്തേരിയിലെത്തിയപ്പോൾ 21 ആചാരവെടികൾ മുഴങ്ങി.


പൊതുജനങ്ങൾക്ക് സെമിത്തേരിയിൽ പ്രവേശനം അനുവദിച്ചില്ല. സെമിത്തേരിയിലേക്കുള്ള വീഥിക്കിരുവശവും ഫിഡലിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ജനം നിരന്നുനിന്നു. വിവാ ഫിഡൽ എന്ന മുദ്രാവാക്യം എങ്ങും മുഴങ്ങി.


സ്മാരകങ്ങൾക്കു വിലക്ക്


സാന്റിയാഗോ: അന്തരിച്ച ഫിഡൽ കാസ്ട്രോയ്ക്കു സ്മാരകങ്ങൾ നിർമിക്കുന്നതിനു വിലക്ക്. ഫിഡലിന്റെ പ്രതിമകൾ നിർമിക്കാനോ റോഡുകൾക്കും സ്‌ഥാപനങ്ങൾക്കും പാർക്കുകൾക്കും മറ്റും അദ്ദേഹത്തിന്റെ പേരിടാനോ പാടില്ല.

വ്യക്‌തിപൂജ പാടില്ലെന്നു ഫിഡൽ കർശനമായി നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമാണ് സ്മാരകനിർമാണത്തിനു വിലക്ക് ഏർപ്പെടുത്തിയതെന്നും റൗൾ കാസ്ട്രോ പറഞ്ഞു. ഇതു സംബന്ധിച്ച് ഉടൻ നിയമനിർമാണം നടത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.