കുടുംബങ്ങളിൽ ദൈവത്തെ കണ്ടെത്തുക: മാർ ജോർജ് ആലഞ്ചേരി
കുടുംബങ്ങളിൽ ദൈവത്തെ കണ്ടെത്തുക: മാർ ജോർജ് ആലഞ്ചേരി
Friday, December 2, 2016 2:42 PM IST
കൊളംബോ: കുടുംബങ്ങളിൽ ദൈവസാന്നിധ്യം കണ്ടെത്താൻ എല്ലാവരും പരിശ്രമിക്കണമെന്ന് സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. കൊളംബോയിൽ നടക്കുന്ന ഏഷ്യയിലെ മെത്രാന്മാരുടെ 11–ാം പ്ലീനറി സമ്മേളനത്തിന്റെ അഞ്ചാം ദിവസം വിശുദ്ധ കുർബാന അർപ്പിച്ചു വചനസന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

കൊളംബോയിലെ കടൽത്തീരത്തു നടക്കുന്ന സമ്മേളനം തിബേരിയാസ് കടൽത്തീരത്ത് ശിഷ്യന്മാർ ഈശോയോടൊത്തായിരുന്നതുപോലെയാണ്. ഈശോയോടുകൂടെയായിരുന്ന ശിഷ്യന്മാർ മിശിഹാ ആരാണെന്നു കണ്ടെത്തി. കുടുംബങ്ങളിൽ ദൈവത്തെ കണ്ടെത്താൻ ശ്ലീഹന്മാരുടെ വഴി തന്നെയാണ് നാം പിന്തുടരേണ്ടത്. കുടുംബങ്ങളിൽ ദൈവസാന്നിധ്യം കണ്ടെത്താൻ ഓരോരുത്തരും പ്രാർഥനയിലും വിശ്വാസത്തിലും വളരണം. ഇതിനു കുടുംബങ്ങളെ സഹായിക്കുക എന്നതാണ് സഭയുടെ പ്രേഷിതദൗത്യം. ദൈവത്തിന്റെ കരുണയുടെ മുഖമായ ഈശോയെ കണ്ടെത്താൻ അജപാലകർ ദൈവജനത്തെ അനുഗമിക്കുകയും സഹായിക്കുകയും ചെയ്യണമെന്ന് കർദിനാൾ ഓർമിപ്പിച്ചു. മിശിഹായെ കണ്ടെത്തിയ കുടുംബങ്ങളുടെ യഥാർഥ കൂട്ടായ്മയായിത്തീരണം സഭ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തൃശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, കാഞ്ഞിരപ്പള്ളി ബിഷപ് മാർ മാത്യു അറയ്ക്കൽ, ആദിലാബാദ് ബിഷപ് മാർ പ്രിൻസ് പാണേങ്ങാടൻ എന്നിവർ വിശുദ്ധ കുർബാനയിൽ സഹകാർമികരായിരുന്നു. ശ്രീലങ്കയിലുള്ള സീറോ മലബാർ സഭാ കൂട്ടായ്മയുടെ പ്രതിനിധികളും കൊളംബിയൻ സഭാ സമൂഹത്തിലെ മലയാളി വൈദികരും സെമിനാരി വിദ്യാർഥികളും അത്മായ സഹോദരങ്ങളും വിശുദ്ധകുർബാനയിൽ സംബന്ധിച്ചു.


തുടർന്നു നടന്ന സെഷനിൽ സമ്മേളനത്തിന്റെ മുഖ്യവിഷയമായിരുന്ന കുടുംബങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്കുശേഷം പുതുക്കിയ രേഖ കർദിനാൾ ഒർളാന്തോ കൊവേദോ അവതരിപ്പിച്ചു.

ദൈവസ്‌ഥാപിതമായ കുടുംബമെന്ന വ്യവസ്‌ഥിതിയെ തകർക്കുന്ന വെല്ലുവിളികളെക്കുറിച്ചും അതിനുള്ള പരിഹാരമാർഗങ്ങളെക്കുറിച്ചും രേഖ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. ആധുനിക സാംസ്കാരിക ആശയങ്ങൾ, കൊളോണിയൽ മനോഭാവങ്ങൾ, മൂല്യത്തകർച്ച എന്നിങ്ങനെ ഏഷ്യയിലെ സഭ നേരിടുന്ന ഭീഷണികൾ ഏറെയുണ്ട്. അവയെ ദൈവവിശ്വാസംവഴിയും ജീവിതസാക്ഷ്യംവഴിയും അഭിമുഖീകരിക്കണമെന്ന് രേഖ ചൂണ്ടിക്കാണിക്കുന്നു.

വിശുദ്ധ കുർബാന കേന്ദ്രീകൃത ജീവിതം നയിക്കാൻ ഏഷ്യയിലെ ക്രിസ്തീയ കുടുംബങ്ങൾ മുന്നോട്ടുവരണമെന്നും അങ്ങനെ കരുണയുടെ മിഷനറിമാരായിത്തീരണമെന്നും പ്ലീനറി രേഖ ആഹ്വാനം ചെയ്യുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.