ബിസിനസ് വിട്ട് ഭരണത്തിൽ ശ്രദ്ധിക്കും: ട്രംപ്
ബിസിനസ് വിട്ട് ഭരണത്തിൽ ശ്രദ്ധിക്കും: ട്രംപ്
Wednesday, November 30, 2016 1:55 PM IST
ന്യൂയോർക്ക്: അമേരിക്കയുടെ 45–ാമത്തെ പ്രസിഡന്റായി ഭരണത്തിൽ പൂർണശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ഇതിനായി ബിസിനസ്രംഗത്തു നിന്നു പിന്മാറുകയാണെന്നും റിയൽ എസ്റ്റേറ്റ് ബിസിനസുകാരനും കോടീശ്വരനുമായ നിയുക്‌ത പ്രസിഡന്റ് ഡോണൾഡ് ട്രംപ്.

അമേരിക്കയെ വീണ്ടും മഹത്തരമാക്കുകയെന്ന ലക്ഷ്യം നേടാനായി ബിസിനസിൽനിന്നു പൂർണമായി മാറി രാജ്യഭരണത്തിൽ മുഴുകുമെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. നിയമപ്രകാരം ബിസിനസ് രംഗം വിടാൻ തനിക്കു ബാധ്യതയില്ല. എന്നാൽ പ്രസിഡന്റ് പദം എല്ലാ ബിസിനസിനെയുംകാൾ ഏറെ പ്രധാനപ്പെട്ടതാണ്. ഡിസംബർ 15നു ന്യൂയോർക്കിൽ പത്രസമ്മേളനം നടത്തി കൂടുതൽ വിവരങ്ങൾ അറിയിക്കുമെന്നു ട്രംപ് പറഞ്ഞു. ട്രംപിന്റെ മക്കളും പത്രസമ്മേളനത്തിൽ പങ്കെടുക്കും. ബിസിനസ് ചുമതല മക്കൾക്കു കൈമാറാനാണു ട്രംപിന്റെ പദ്ധതിയെന്നു കരുതപ്പെടുന്നു.

അടുത്തകാലത്ത് ട്രംപ് പല വിദേശനേതാക്കളുമായി ചർച്ച നടത്തിയിരുന്നു. പ്രസ്തുത രാജ്യങ്ങളിൽ ട്രംപിനുള്ള ബിസിനസുകൾക്ക് ലൈസൻസ് വാങ്ങുന്നതിനും കരാറുകൾ നേടുന്നതിനുമുള്ള നീക്കവും ഇതോടൊപ്പം നടക്കുന്നതായി ആരോപണമുയർന്നു. ബിസിനസ് താത്പര്യങ്ങളും ഭരണവും തമ്മിൽ ബന്ധപ്പെടുത്തുന്ന ഒരു ഘടകവും ഉണ്ടാവാൻ പാടില്ലെന്നു നിർബന്ധമുള്ളതിനാലാണ് ബിസിനസിൽ നിന്നു വിട്ടുനിൽക്കാനും ഫുൾടൈം പ്രസിഡന്റാവാനും ട്രംപ് തീരുമാനിച്ചത്. ബിസിനസ് രംഗവുമായി ബന്ധം വിടർത്തുന്നതു സംബന്ധിച്ച രേഖകൾ തയാറാക്കി വരികയാണെന്നും ട്രംപ് അറിയിച്ചു.


ഇതിനിടെ പുതിയ ഭരണകൂടത്തിൽ ട്രഷറി സെക്രട്ടറിയായി മുൻ ഗോൾഡ്മാൻ സാക്സ് എക്സിക്യുട്ടീവ് സ്റ്റീവൻ നുൻചിനെ ട്രംപ് നോമിനേറ്റു ചെയ്തു. കോടീശ്വരനായ നിക്ഷേപകൻ വിൽബർ റോസിനെ വാണിജ്യ സെക്രട്ടറിയായി നിയമിച്ചു. തെരഞ്ഞെടുപ്പു പ്രചാരണവേളയിൽ ട്രംപിന്റെ സാമ്പത്തികകാര്യ ചുമതല സ്റ്റീവനായിരുന്നു. നഷ്‌ടത്തിലായ സ്‌ഥാപനങ്ങൾ ഏറ്റെടത്തു ലാഭമുണ്ടാക്കുന്ന ബിസിനസുകാരനാണ് വിൽബർ റോസ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.