വോട്ടിംഗിൽ വൻ ക്രമക്കേടു നടന്നെന്നു ട്രംപ്
വോട്ടിംഗിൽ വൻ ക്രമക്കേടു നടന്നെന്നു ട്രംപ്
Monday, November 28, 2016 11:15 AM IST
ന്യൂയോർക്ക്: ഈ മാസം എട്ടിനു നടന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഹില്ലരി ക്ലിന്റന് അനുകൂലമായി നിരവധിപേർ നിയമവിരുദ്ധമായി വോട്ടു ചെയ്തെന്ന് നിയുക്‌ത പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തനിക്കു ജനകീയവോട്ടു കുറയാൻ കാരണമിതാണെന്നും ട്രംപ് ചൂണ്ടിക്കാട്ടി.

ഇലക്ടറൽകോളജിൽ വൻ ഭൂരിപക്ഷം എനിക്കു കിട്ടി. നിയമവിരുദ്ധമായി പോൾ ചെയ്ത ലക്ഷക്കണക്കിനു വോട്ടുകൾ ഒഴിവാക്കിയാൽ ജനകീയവോട്ടിലും ഭൂരിപക്ഷം കിട്ടുമായിരുന്നുവെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. വിർജിനിയ, ന്യൂഹാംപ്ഷയർ, കലിഫോർണിയ എന്നിവിടങ്ങളിലെ വോട്ടെടുപ്പിൽ ക്രമക്കേടു നടന്നെന്നു ട്രംപ് ആരോപിച്ചു. ട്രംപ് തോറ്റ സംസ്‌ഥാനങ്ങളാണിവ. ട്രംപ് അടിസ്‌ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്ന് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ടു ചെയ്തു.

ഹില്ലരിക്ക് ട്രംപിനേക്കാൾ 20 ലക്ഷത്തിലധികം ജനകീയ വോട്ടുകളുണ്ടെന്നാണ് ഇതുവരെയുള്ള കണക്ക്. കലിഫോർണിയ പോലുള്ള ചില സംസ്‌ഥാനങ്ങളിലെ കണക്കു കിട്ടിയിട്ടില്ല. മുഴുവൻ ഫലവും അറിവാകുമ്പോൾ ഹില്ലരിക്ക് 25ലക്ഷം വോട്ടെങ്കിലും ട്രംപിനേക്കാൾ അധികം കിട്ടുമെന്നാണു കരുതുന്നത്. ജനകീയവോട്ടിൽ മുന്നിലായെങ്കിലും ഹില്ലരിക്ക് 232 ഇലക്ടറൽ കോളജ് വോട്ടുകളെ കിട്ടിയുള്ളു. ജയിക്കാൻവേണ്ടത് 270വോട്ടാണ്.


വിസ്കോൺസിൻ സംസ്‌ഥാനത്ത് റീകൗണ്ടിംഗ് നടത്താനുള്ള ഇലക്ടറൽ ബോർഡിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത ഹില്ലരി ക്യാമ്പിന്റെ നടപടിയിലും ട്രംപ് പ്രതിഷേധം രേഖപ്പെടുത്തി. തന്റെ വിജയം ഹില്ലരി പോലും അംഗീകരിച്ചതാണെന്നും വീണ്ടും വോട്ടെണ്ണുന്നത് ശരിയല്ലെന്നും ഇതിനു പിന്നിൽ അഴിമതിയുണ്ടെന്നും നേരത്തെ ട്രംപ് പ്രതികരിച്ചു. ഗ്രീൻ പാർട്ടി സ്‌ഥാനാർഥി ജിൽസ്റ്റെയിനാണ് റീ കൗണ്ടിംഗിന് ആവശ്യമായ തുക കെട്ടിവച്ചത്. ഈ ഫണ്ടു സമാഹരണത്തിലും അഴിമതിയുണ്ടെന്നു ട്രംപ് ആരോപിച്ചു. ഇലക്ഷൻ ക്രമക്കേടു നടന്നെന്ന് ആക്ഷേപമില്ലെങ്കിലും വീണ്ടും വോട്ടെണ്ണലിന് വിസ്കോൺസിൻ ഇലക്ഷൻ ബോർഡ് ഉത്തരവിട്ട സാഹചര്യത്തിൽ സഹകരിക്കുകയാണെന്നാണു ഹില്ലരി ടീം വ്യക്‌തമാക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.