ക്യൂബ ദുഃഖസാന്ദ്രം...
ക്യൂബ ദുഃഖസാന്ദ്രം...
Sunday, November 27, 2016 10:38 AM IST
ഹവാന: അന്തരിച്ച ക്യൂബൻ നേതാവ് ഫിഡൽകാസ്ട്രോയുടെ അനുസ്മരണാച്ചടങ്ങുകൾ ഇന്ന് ആരംഭിക്കും. രാജ്യത്ത് ഒമ്പതു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. പതാകകൾ പകുതി താഴ്ത്തിക്കെട്ടി. ബേസ്ബോൾ മത്സരങ്ങൾ റദ്ദാക്കി. അന്തരിച്ച നേതാവിന്റെ ചിതാഭസ്മം ഡിസംബർ നാലിന് സാന്റിയാഗോയിലെ സാന്റാ ഇഫ്ജീനിയ സെമിത്തേരിയിൽ മറവു ചെയ്യും. സാന്റിയാഗോയിലും ഹവാനയിലും പടുകൂറ്റൻ റാലികൾ നടത്തും.

തലസ്‌ഥാനമായ ഹവാനയിൽ നാളെ നടത്തുന്ന റാലിക്കുശേഷം കാസ്ട്രോയുടെ ചിതാഭസ്മവുമായി കിഴക്കൻ നഗരമായ സാന്റിയാഗോയിലേക്ക് ചതുർദിന വിലാപയാത്ര ആരംഭിക്കും. ഡിസംബർ നാലിനു രാവിലെ ഏഴിനാണ് സെമിത്തേരിയിലെ ചടങ്ങുകൾ. 19–ാംനൂറ്റാണ്ടിൽ സ്പാനിഷ് കോളനിവാഴ്ചയ്ക്കെതിരേ ക്യൂബൻ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ ഹൊസെ മാർട്ടിയുൾപ്പെടെ നിരവധി പ്രമുഖർ അന്ത്യവിശ്രമം കൊള്ളുന്ന സെമിത്തേരിയാണിത്.


ഇതേസമയം ക്യൂബൻ പ്രവാസികൾ താമസിക്കുന്ന അമേരിക്കയിലെ മയാമിയിൽ ഏകാധിപതിയുടെ മരണം ആഘോഷിച്ച് ജനങ്ങൾ ആഹ്ളാദ പ്രകടനം നടത്തി. ശീതയുദ്ധകാലത്ത് ക്യൂബയിലെ ഏകാധിപത്യഭരണത്തിൽനിന്നു രക്ഷപ്പെടാനായി ഒട്ടേറെപ്പേർ കടൽതാണ്ടി അമേരിക്കയിലെത്തി അഭയം തേടിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.