ഇന്ത്യൻ വംശജനെ ഓസ്ട്രേലിയയിൽ ജീവനോടെ കത്തിച്ചു
ഇന്ത്യൻ വംശജനെ ഓസ്ട്രേലിയയിൽ ജീവനോടെ കത്തിച്ചു
Friday, October 28, 2016 12:23 PM IST
മെൽബൺ: ഓസ്ട്രേലിയയിലെ ബ്രിസ്ബെയിൻ നഗരത്തിൽ ഇന്ത്യൻ വംശജനായ ബസ് ഡ്രൈവറെ അക്രമി തീവച്ചുകൊന്നു. ബ്രിസ്ബെയിൻ സിറ്റി കൗൺസിൽ ബസിന്റെ ഡ്രൈവറായ മൻമീത് അലിഷറാണു(29) കൊല്ലപ്പെട്ടത്.

അലിഷർ ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുമ്പോൾ അക്രമി അദ്ദേഹത്തിന്റെ ദേഹത്ത് ഇന്ധനം ഒഴിച്ചു തീകൊളുത്തുകയായിരുന്നു. ബസിലുണ്ടായിരുന്ന യാത്രക്കാർ നോക്കിനിൽക്കെയാണു സംഭവം. സമീപത്തുണ്ടായിരുന്ന ടാക്സി ഡ്രൈവർ അഗുയെക് നോക് ബസിന്റെ പിൻവാതിൽ പൊളിച്ച് യാത്രക്കാരെ രക്ഷപ്പെടാൻ സഹായിച്ചു. നിസാര പരിക്കേറ്റ ആറു യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അലിഷറിന്റെ വധവുമായി ബന്ധപ്പെട്ട് 48കാരനെ കസ്റ്റഡിയിലെടുത്തു. പഞ്ചാബിയായ അലിഷർ നല്ലൊരു ഗായകനുമായിരുന്നു. അദ്ദേഹത്തോടുള്ള ആദരസൂചകമായി ഇന്നു ബ്രിസ്ബെയിൻ നഗരത്തിൽ പതാകകൾ പകുതി താഴ്ത്തിക്കെട്ടും. അക്രമിയുടെ യഥാർഥ ലക്ഷ്യം അറിവായിട്ടില്ലെങ്കിലും ഇതു ഭീകരാക്രമണമാണെന്നു കരുതുന്നില്ലെന്ന് പോലീസ് കമ്മീഷണർ ഇയാൻ സ്റ്റിവാർട്ട് പറഞ്ഞു. വംശീയ വിദ്വേഷപ്രേരിതമാണന്നും കരുതുന്നില്ല. ആക്രമണദൃശ്യം കാമറയിൽ പതിഞ്ഞിട്ടുണ്ട്.


ബസ്ഡ്രൈവറെ അക്രമി കൊലപ്പെടുത്തിയ സംഭവത്തിൽ ക്യൂൻസ്ലൻഡ് സംസ്‌ഥാന പ്രധാനമന്ത്രി അനസ്താസിയ പലാസുക്, ബ്രിസ്ബെയിൻ മേയർ ഗ്രഹാം ക്വിർക് എന്നിവർ നടുക്കവും ദുഖവും പ്രകടിപ്പിച്ചു. ക്യൂൻസ്ലാൻഡിൽ ആറു മാസത്തിനുള്ളിൽ ബസ ്ഡ്രൈവർമാർക്കു നേരേ 350 ആക്രമണങ്ങൾ നടന്നതായി ബ്രിസ്ബെയിൻ ടൈംസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.