കിർകുക്കിൽ രൂക്ഷപോരാട്ടം
കിർകുക്കിൽ രൂക്ഷപോരാട്ടം
Saturday, October 22, 2016 11:46 AM IST
കിർകുക്ക്(ഇറാക്ക്): ഇറാക്കിലെ എണ്ണസമ്പന്ന നഗരമായ കിർകുക്കിൽ മിന്നലാക്രമണം ലക്ഷ്യമിട്ട് സർക്കാർ കെട്ടിടങ്ങളിൽ കയറിപ്പറ്റിയ 48 ഐഎസ് ഭീകരരെ ഇറാക്കി സേന വധിച്ചു. പലയിടങ്ങളിലായി നടന്ന ഏറ്റുമുട്ടലിലാണ് ഭീകരരെ കൊലപ്പെടുത്തിയതെന്ന് ബ്രിഗേഡിയർ ജനറൽ ഖത്താബ് ഒമർ അരിഫ് അറിയിച്ചു. സൈനികനടപടി തുടങ്ങിയതോടെ ചില ഭീകരർ തീ കൊളുത്തി മരിക്കുകയായിരുന്നു.

ശനിയാഴ്ച പുലർച്ചയോടെയാണ് സർക്കാർ കെട്ടിടങ്ങളിൽ ഐഎസ് ഭീകരർ കടന്നുകയറിയത്. സേന പ്രത്യാക്രമണം തുടങ്ങിയതോടെ മേഖലയിൽ മണിക്കൂറുകളോളം പോരാട്ടം നീണ്ടു. മൊസൂൾ നഗരം ഐഎസിന്റെ പിടിയിൽനിന്നു മോചിപ്പിക്കുന്നതിന് ഇറാക്ക് സേന യുദ്ധം തുടരുന്നതിനിടെയാണ് കുർദുകളുടെ അധീനതയിലുള്ള കിർകുക്കിൽ ആക്രമണമുണ്ടായത്. മൊസൂളിലെ പോരാട്ടത്തിൽ കുർദിഷ് സൈനികരും ഇറാക്കിസേനയ്ക്കൊപ്പമുണ്ട്. ഐഎസിന്റെ കാലിഫേറ്റ് പ്രഖ്യാപനം നടന്ന മൊസൂൾ നഗരത്തിൽനിന്ന് 170 കിലോമീറ്റർ അകലെയുള്ള കിർകുക്ക് സദ്ദാം ഹുസൈന്റെ ജന്മനഗരമാണ്.

നാലു വർഷമായി ഐഎസ് നിയന്ത്രണത്തിലുള്ള കരാകോഷ് നഗരത്തിൽ ഇറാക്കിസേന കടന്നു. നഗരത്തിന്റെ നിയന്ത്രണം സ്വന്തമാകുന്നതോടെ ഐഎസ് ശക്‌തികേന്ദ്രമായ മൊസൂളിലേക്കുള്ള പ്രവേശനം സുഗമമാകുമെന്നാണ് സേനയുടെ വിലയിരുത്തൽ. ഇറാക്ക് പ്രധാനമന്ത്രി ഹൈദർ അൽ അബാദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് യുഎസ് പ്രതിരോധ സെക്രട്ടറി ആഷ് കാർട്ടർ ബാഗ്ദാദിൽ എത്തിയ ദിവസമാണ് സൈന്യത്തിന്റെ നിർണായക വിജയം. യുഎസ് നേതൃത്വത്തിലുള്ള സഖ്യസേനയുടെ പിന്തുണയോടെ കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇറാക്കി സേന ഐഎസ് ഭീകരർക്കെതിരേ കര,വ്യോമ ആക്രമണങ്ങൾ ശക്‌തമാക്കിയത്.


മൊസൂളിന് 20 കിലോമീറ്റർ തെക്കുകിഴക്കുള്ള കരാകോഷിൽ കടന്നതായി സൈന്യം പത്രക്കുറിപ്പിൽ അറിയിക്കുകയായിരുന്നു. വടക്കുഭാഗത്തെ ബാർടെല്ലയുടെ നിയന്ത്രണം ഇറാക്കി സൈന്യത്തിന്റെ പ്രത്യേക യൂണിറ്റ് ഏറ്റെടുത്തുവെന്നും പത്രക്കുറിപ്പ് പറയുന്നു.

2003 ൽ യുഎസ് നേതൃത്വത്തിലുള്ള സഖ്യസേന ഇറാക്കിലെത്തിയശേഷമുള്ള ഏറ്റവും ശക്‌തമായ പോരാട്ടമാണ് മൊസൂളിൽ നടക്കുന്നത്. മൊസൂളിനു പുറമേ സിറിയയുടെ ഏതാനും ഭാഗത്തിന്റെ നിയന്ത്രണവും ഐസിന്റെ കൈവശമാണ്. തെക്കുഭാഗത്തുനിന്ന് ഇറാക്കി സൈന്യവും പടിഞ്ഞാറുനിന്ന് കുർദിഷ് പെഷ്മാർഗ സൈനികരും നഗരത്തിലേക്ക് അടുക്കുകയാണ്. തിങ്കളാഴ്ചയ്ക്കുശേഷം 50 ഗ്രാമങ്ങളുടെ നിയന്ത്രണം ഐഎസിൽ നിന്ന് ഇറാക്കി സേന പിടിച്ചെടുത്തിട്ടുണ്ട്. സൈനികനീക്കം തുടങ്ങിയിട്ടേയുള്ളൂവെന്നും സങ്കീർണമായ പ്രക്രിയയാണെങ്കിലും ഇതുവരെ അനുകൂല ഫലം മാത്രമാണ് ലഭിച്ചിരിക്കുന്നതെന്നും ആഷ് കാർട്ടർ ബാഗ്ദാദിലേക്കു തിരിക്കും മുമ്പ് യുഎസ് സൈനിക ഉദ്യോഗസ്‌ഥൻ വാഷിംഗ്ടണിൽ വ്യക്‌തമാക്കി.

5000 ത്തോളം യുഎസ് സൈനികരാണ് ഇപ്പോൾ ഇറാക്കിലുള്ളത്. ഇതിൽ നൂറോളം പേർ ഇറാക്കി, കുർദിഷ് പെഷ്മാർഗ സൈനികർക്കൊപ്പമാണ്. സഖ്യസേനയുടെ വ്യോമാക്രമണം കൃത്യസ്‌ഥലങ്ങളിലേക്കാണ് എന്ന് ഉറപ്പാക്കാനാണിത്. വ്യാഴാഴ്ച വടക്കൻ ഇറാക്കിൽ കുഴിബോംബ് പൊട്ടി യുഎസ് നാവികസേനാംഗം ജാസൺ ഫിനാൻ കൊല്ലപ്പെട്ടിരുന്നു. മൊസൂൾ പിടിച്ചെടുക്കാനുള്ള നീക്കത്തിൽ കൊല്ലപ്പെട്ട ആദ്യത്തെ യുഎസ് സൈനികനാണിദ്ദേഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.