കിർകുക്ക് നഗരത്തിൽ ഐഎസ് ആക്രമണം, കർഫ്യൂ പ്രഖ്യാപിച്ചു
കിർകുക്ക് നഗരത്തിൽ ഐഎസ് ആക്രമണം, കർഫ്യൂ പ്രഖ്യാപിച്ചു
Friday, October 21, 2016 12:31 PM IST
കിർകുക്ക്(ഇറാക്ക്): ഇറാക്കിലെ എണ്ണസമ്പന്ന നഗരമായ കിർകുക്കിൽ ഐഎസ് നടത്തിയ ആക്രമണത്തിൽ ആറു പോലീസ് ഓഫീസർമാരും 16 സാധാരണക്കാരും കൊല്ലപ്പെട്ടു. നഗരത്തിൽ കർഫ്യൂ പ്രഖ്യാപിച്ചു.

മൊസൂൾ നഗരം ഐഎസിന്റെ പിടിയിൽനിന്നു മോചിപ്പിക്കുന്നതിന് ഇറാക്ക് സേന യുദ്ധം തുടരുന്നതിനിടെയാണ് കുർദുകളുടെ അധീനതയിലുള്ള കിർകുക്കിൽ ആക്രമണം ഉണ്ടായത്. കുർദിഷ് സൈനികരും മൊസൂളിൽ ഐഎസിനെതിരേയുള്ള പോരാട്ടത്തിൽ പങ്കെടുക്കുന്നുണ്ട്. ഐഎസിന്റെ കാലിഫേറ്റ് പ്രഖ്യാപനം നടന്ന മൊസൂൾ നഗരത്തിൽനിന്ന് 170 കിലോമീറ്റർ അകലെയുള്ള കിർകുക്ക് സദ്ദാം ഹൂസൈന്റെ ജന്മനഗരമാണ്. കിർകുക്കിലെ മൂന്നു പോലീസ് സ്റ്റേഷനുകൾക്കു നേരേ ഐഎസ് ഭീകരർ ചാവേർ ആക്രമണം നടത്തി. ഒരു ഊർജനിലയത്തിനു നേർക്കും ആക്രമണം ഉണ്ടായി. നിലയത്തിലെ ജോലിക്കാരായ രണ്ട് ഇറാൻകാർ കൊല്ലപ്പെട്ടു. ഐഎസിന്റെ എട്ടു പോരാളികളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. അഭയാർഥികൾ എന്ന വ്യാജേന നഗരത്തിലെത്തിയ ഭീകരരാണ് ആക്രമണം നടത്തിയതെന്നു സംശയിക്കുന്നതായി കിർകുക്ക് ഗവർണർ നജമൽഡിൻ കരീം പറഞ്ഞു.


ഇറാക്കി സൈന്യം പിന്മാറിയതിനെത്തുടർന്ന് 2014ലാണ് കിർകുക്ക് നഗരത്തിന്റെ നിയന്ത്രണം കുർദിഷ് പെഷ്മാർഗ സൈനികർ കൈയടക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.