അമേരിക്കയിൽ മലയാളി വിദ്യാർഥിനി വാഹനാപകടത്തിൽ മരിച്ചു
അമേരിക്കയിൽ മലയാളി വിദ്യാർഥിനി വാഹനാപകടത്തിൽ മരിച്ചു
Monday, October 17, 2016 11:51 AM IST
കണേറ്റിക്കട്ട്: അമേരിക്കയിൽ യൂണിവേഴ്സിറ്റി ഓഫ് കണേറ്റിക്കട്ടിലെ മലയാളി വിദ്യാർഥിനി ജെഫ്നി പള്ളി (19) വാഹനാപകടത്തിൽ മരിച്ചു. യൂണിവേഴ്സിറ്റി കാമ്പസിനകത്തുളള ഫയർ സ്റ്റേഷന്റെ ഗാരേജ് ഡോറിനു മുന്നിൽ ഇരിക്കുകയായിരുന്ന ജെഫ്നിയുടെ ശരീരത്തിലൂടെ ഫയർ ഫോഴ്സ് വാഹനം കയറിയിറങ്ങിയാണ് അപകടം സംഭവിച്ചത്. ഞായറാഴ്ച പുലർച്ചെയാണു സംഭവം.

എമർജൻസി കോൾ ലഭിച്ചതിനെത്തുടർന്നു വാഹനം പുറത്തിറക്കാൻ ഓട്ടോമാറ്റിക് ഗാരേജ് ഡോർ തുറന്നപ്പോൾ ഡോറിൽ ചാരിയിരിക്കുകയായിരുന്ന ജെഫ്നി പുറകോട്ടു വീഴുകയായിരുന്നു. ഡ്രൈവർ വാഹനം മുന്നോട്ടെടുത്തപ്പോൾ ജെഫ്നിയെ കണ്ടില്ല.

വാഹനാപകടത്തിന് ഉത്തരവാദിയായ ഫയർഫോഴ്സ് ഉദ്യോഗസ്‌ഥനെ അഡ്മിനിസ്ട്രേറ്റീവ് ലീവിൽ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ച് യൂണിവേഴ്സിറ്റി അന്വേഷണത്തിന് ഉത്തരവിട്ടു.


കണേറ്റിക്കട്ട് വെസ്റ്റ് ഹാർട്ട്ഫോർഡിൽ താമസിക്കുന്ന വെളിയന്നാട് ചെമ്മരപ്പള്ളിയിൽ സിബി– ഷൈനി ദമ്പതികളുടെ ഇളയ മകളാണു ജെഫ്നി. ജോയൽ, ജെന്നിഫർ എന്നിവർ സഹോദരങ്ങളാണ്.യൂണിവേഴ്സിറ്റി ഓഫ് കണേറ്റിക്കട്ടിൽ രണ്ടാം വർഷ വിദ്യാർഥിനിയായ ജെഫ്നി നഴ്സിംഗ് പഠനം നടത്താൻ ആഗ്രഹിച്ചിരുന്നുവെന്നു സഹോദരൻ ജോയൽ പറഞ്ഞു.

ജെഫ്നിയുടെ മരണവിവരമറിഞ്ഞ് ഞായറാഴ്ച വൈകുന്നേരം വെസ്റ്റ് ഹാർട്ട്ഫോർഡിലെ വസതിയിൽ നിരവധി പേരെത്തി. എല്ലാവരുമായി ഊഷ്മള സൗഹൃദം പുലർത്തിയിരുന്ന ജെഫ്നിയുടെ വിയോഗം സുഹൃത്തുക്കളെയും ബന്ധുക്കളെയും ദുഃഖത്തിലാഴ്ത്തി. സ്കൂൾപഠനകാലത്ത് ഫുട്ബോ ളിലും അത്ലറ്റിക്സിലും മികവു പുലർത്തിയിരുന്ന ജെഫ്നി താമസസ്‌ഥലത്തെ ഡോർമിറ്ററിൽ റെസിഡന്റ് അസിസ്റ്റന്റായും പ്രവർത്തിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.