ഹില്ലരിക്കു മയക്കുമരുന്നു ടെസ്റ്റ് നടത്തണം: ട്രംപ്
ഹില്ലരിക്കു മയക്കുമരുന്നു ടെസ്റ്റ് നടത്തണം: ട്രംപ്
Sunday, October 16, 2016 10:56 AM IST
വാഷിംഗ്ടൺ: തെരഞ്ഞെടുപ്പ് അടുത്തുവരുന്തോറും റിപ്പബ്ളിക്കൻ സ്‌ഥാനാർഥി ട്രംപ് എതിരാളി ഹില്ലരിക്ക് എതിരേ ആരോപണങ്ങൾക്കു മൂർച്ചകൂട്ടുന്നു. കഴിഞ്ഞ ടിവി സംവാദത്തിൽ ഹില്ലരിക്കു മികച്ച പ്രകടനം കാഴ്ചവയ്ക്കാനായത് അവർ ഉത്തേജക മരുന്നു കഴിച്ചിട്ടാണെന്നു സംശയമുണ്ടെന്നു ട്രംപ് ആരോപിച്ചു.

അടുത്ത സംവാദത്തിനു മുമ്പായി ഹില്ലരിയെ മയക്കുമരുന്നു പരിശോധനയ്ക്കു വിധേയയാക്കണമെന്നു ട്രംപ് ആവശ്യപ്പെട്ടു. താനും പരിശോധനയ്ക്കു വിധേയനാകാമെന്നും അദ്ദേഹം വ്യക്‌തമാക്കി.

കഴിഞ്ഞ സംവാദത്തിന്റെ ആദ്യഘട്ടത്തിൽ കത്തിക്കയറിയ ഹില്ലരി സംവാദം തീരാറായപ്പോഴേക്കും ക്ഷീണിച്ചെന്നു ട്രംപ് ചൂണ്ടിക്കാട്ടി. തിരിച്ചുപോകാനായി കാറിൽ കയറാൻപോലും അവർ ബുദ്ധിമുട്ടി– ന്യൂഹാംഷയറിലെ തെരഞ്ഞെടുപ്പു റാലിയിൽ ട്രംപ് ആരോപിച്ചു. അടുത്ത സംവാദത്തിനുമുന്നിൽ രണ്ടുപേരും ടെസ്റ്റ് എടുക്കണം. താൻ ടെസ്റ്റിനു തയാറാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. ട്രംപും ഹില്ലരിയും തമ്മിലുള്ള മൂന്നാമത്തെ ടിവി സംവാദം ലാസ്വേഗസിൽ ബുധനാഴ്ചയാണ്. ആദ്യ സംവാദത്തിൽ ഹില്ലരി വിജയിച്ചു. രണ്ടാം സംവാദത്തിൽ ട്രംപ് മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ഹില്ലരിക്കായിരുന്നു മേൽക്കൈയെന്നാണ് അഭിപ്രായ സർവേകൾ പറഞ്ഞത്. ട്രംപിനെതിരേ ഏഴു സ്ത്രീകൾ ലൈംഗികാരോപണങ്ങളുമായി രംഗത്തെത്തിയത് അദ്ദേഹത്തിന്റെ ജനപ്രീതിയിൽ ഇടിവു വരുത്തി.


ഇന്ത്യയെ പ്രശംസിച്ച് ട്രംപ്

എഡിസൺ(ന്യൂജേഴ്സി): താൻ വിജയിച്ചാൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുമെന്ന് ഡൊണാൾഡ് ട്രംപ്. റിപ്പബ്ളിക്കൻ ഹിന്ദു മുന്നണി സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ട്രംപ്.സാമ്പത്തിക മേഖലയിലും ബ്യൂറോക്രസിയിലും പരിഷ്കാരം നടപ്പാക്കി ഇന്ത്യയെ ത്വരിത വളർച്ചയുടെ പാതയിലൂടെ നയിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ട്രംപ് പ്രശംസിച്ചു.

ഊർജ്വസലനായ നേതാവാണു മോദിയെന്ന് ട്രംപ് പറഞ്ഞു. ഹിന്ദുക്കളുടെയും ഇന്ത്യയുടെയും ആരാധകനാണു താനെന്നും ഇന്ത്യയിലും മോദിയിലും തനിക്ക് ഏറെ വിശ്വാസമുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഭീകരതയ്ക്ക് എതിരേ ഇന്ത്യ നടത്തുന്ന പോരാട്ടം ട്രംപ് എടുത്തുപറഞ്ഞു. താൻ പ്രസിഡന്റായാൽ ഇന്ത്യയുമായി സൈനിക സഹകരണം ശക്‌തമാക്കുമെന്നും ട്രംപ് വ്യക്‌തമാക്കി.റിപ്പബ്ളിക്കൻ ഹിന്ദു മുന്നണി ചെയർമാൻ ശലഭ് കുമാർ സ്വാഗതം ആശംശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.