ബോറീസ് ജോൺസന്റെ ഇരട്ടത്താപ്പ് പുറത്തായി
ബോറീസ് ജോൺസന്റെ  ഇരട്ടത്താപ്പ് പുറത്തായി
Sunday, October 16, 2016 10:56 AM IST
ലണ്ടൻ: ബ്രെക്സിറ്റിനുവേണ്ടിയുള്ള പ്രചാരണത്തിനു നേതൃത്വം വഹിച്ച ഇപ്പോഴത്തെ വിദേശകാര്യമന്ത്രിയും മുൻ ലണ്ടൻ മേയറുമായ ബോറീസ് ജോൺസൻ യൂറോപ്യൻ യൂണിയനിൽ ബ്രിട്ടൻ തുടരണമെന്നു വാദിച്ച് എഴുതിയ ലേഖനം ഇന്നലെ സൺഡേ ടൈംസ് പ്രസിദ്ധീകരിച്ചു.

യൂറോപ്യൻ യൂണിയനിൽനിന്നു ബ്രിട്ടൻ വിട്ടുപോരണമെന്നു ബ്രിട്ടീഷ് ജനത ഹിതപരിശോധനയിൽ വിധിയെഴുതിയതിനെത്തുടർന്നാണു ഡേവിഡ് കാമറോണിന്റെ മന്ത്രിസഭ രാജിവയ്ക്കേണ്ടിവന്നത്.

ബ്രെക്സിറ്റ് പ്രചാരണത്തിനു നേതൃത്വം നൽകാൻ നിയുക്‌തനായതിനു രണ്ടുദിവസം മുമ്പാണ് ബ്രെക്സിറ്റിനെ എതിർത്തുകൊണ്ടുള്ള ലേഖനം ജോൺസൻ എഴുതിയത്. അതു പ്രസിദ്ധീകരിക്കാതെ വച്ചിരുന്നതാണ്.


താൻ ലേഖനം ഒരു സുഹൃത്തിനു കൈമാറിയിരുന്നെന്നും ഇപ്പോൾ അതു വെളിച്ചം കണ്ടത് എങ്ങനെയെന്നറിയില്ലെന്നും ജോൺസൺ വ്യക്‌തമാക്കി.

ഇയു വിട്ടുപോന്നാൽ ബ്രിട്ടനിൽ സാമ്പത്തിക ഭൂകമ്പം തന്നെയുണ്ടാവുമെന്നും യൂറോപ്പുമുഴുവൻ ഉൾപ്പെടുന്ന ഒറ്റ വിപണിയിൽ പ്രവേശനത്തിനായി ഇയുവിനു നൽകേണ്ടിവരുന്ന തുക വിപണിമൂല്യമുള്ള പ്രയോജനവുമായി തട്ടിച്ചുനോക്കുമ്പോൾ തുച്ഛമാണെന്നും ജോൺസൺ ലേഖനത്തിൽ പറയുന്നു.
എന്നാൽ ബ്രെക്സിറ്റിനായി പ്രചാരണം നടത്തിയപ്പോൾ കടകവിരുദ്ധമായ വാദങ്ങളാണ് ജോൺസൺ നിരത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.