സിറിയൻ വിമതർക്കൊപ്പം ചേർന്നു ദാബിക് പിടിക്കാൻ തുർക്കി
Saturday, October 15, 2016 12:13 PM IST
ബെയ്റൂട്ട്: സിറിയയിൽ ഐഎസ് (ഇസ്ലാമിക് സ്റ്റേറ്റ്) വിരുദ്ധ പോരാട്ടത്തിനു പുതിയ മാനം. സിറിയൻ വിമതർക്കൊപ്പം ചേർന്ന് തുർക്കി ഐഎസിനെതിരേ പോരാട്ടം ആരംഭിച്ചു. വടക്ക്–പടിഞ്ഞാറൻ സിറിയയിലെ ദാബിക്ക് ഗ്രാമം പിടിച്ചെടുക്കാനാണ് വിമതർക്കൊപ്പം തുർക്കി സൈന്യം ചേർന്നിരിക്കുന്നത്. ദാബിക്കിന്റെ നിയന്ത്രണം ഐഎസിൽനിന്നു തിരിച്ചുപിടിക്കാനാണു നീക്കം. എന്നാൽ, ദാബിക്ക് പിടിക്കാനുള്ള ശ്രമം ഈ മാസം ആദ്യംതന്നെ ആരംഭിച്ചതായാണ് തുർക്കി സൈനിക വൃത്തങ്ങൾ നല്കുന്ന സൂചന.

ശനിയാഴ്ച അതിശക്‌തമായ ഷെൽ ആക്രമണം മേഖലയിൽ തുർക്കി സൈന്യം നടത്തിയതായി ബ്രിട്ടൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സിറിയൻ ഒസ്ബർവേറ്ററി റിപ്പോർട്ട് ചെയ്തു. ഐഎസിനെ ദാബിക്കിൽനിന്ന് തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ ഗ്രാമത്തിലും സമീപ നഗരമായ സോറനിലും ശക്‌തമായ ആക്രമണം ആരംഭിച്ചതായി വിമത സൈന്യത്തിന്റെ കമാൻഡർ കേണൽ അബ്ദുൾ റസാഖ് ഫ്രിജി പറഞ്ഞു.


ഐഎസ് സിദ്ധാന്തത്തിന്റെ കേന്ദ്രനഗരമാണ് ദാബിക്ക്. ദാബിക്കിൽവച്ചാണ് അന്ത്യവിധിദിനത്തിൽ മുസ്ലിംകളും അവിശ്വാസികളും തമ്മിലുള്ള യുദ്ധം നടക്കുക എന്നാണ് വിശ്വാസം. ഐഎസിന്റെ ഓൺലൈൻ മാഗസിനു പേരിട്ടിരിക്കുന്നതും ദാബിക്ക് എന്നാണ്. ഓഗസ്റ്റ് 2014 മുതൽ ദാബിക്കിന്റെ നിയന്ത്രണം ഐഎസിന്റെ കൈകളിലാണ്. 1,200ൽ അധികം ഐഎസ് പോരാളികൾ ഇവിടെ ഉണ്ടെന്നാണു കരുതപ്പെടുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.