ജിഹാദി ഗ്രൂപ്പിനെ യുഎസ് സംരക്ഷിക്കുന്നു: റഷ്യ
Friday, September 30, 2016 12:39 PM IST
ലണ്ടൻ: ഭീകരർക്ക് എതിരേ പോരാടുന്നുവെന്ന് അവകാശപ്പെടുന്ന അമേരിക്ക സിറിയയിലെ ജബാത് ഫത്തേ അൽഷാം(മുൻ അൽനുസ്റാ ഫ്രണ്ട്) എന്ന ജിഹാദി ഗ്രൂപ്പിനെ സംരക്ഷിക്കുകയാണെന്നു റഷ്യ കുറ്റപ്പെടുത്തി. ഈ ഗ്രൂപ്പിനെതിരേ സിറിയയിൽ ഒരിടത്തുപോലും അമേരിക്ക വ്യോമാക്രമണം നടത്തിയിട്ടില്ലെന്നു ബിബിസിക്ക് അനുവദിച്ച അഭിമുഖത്തിൽ റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് ചൂണ്ടിക്കാട്ടി.

സിറിയയിൽ റഷ്യ വ്യോമാക്രമണം ആരംഭിച്ചതിന്റെ ഒന്നാംവാർഷികം പ്രമാണിച്ചാണ് അഭിമുഖം അനുവദിച്ചത്.

വിമതരും ജിഹാദി ഗ്രൂപ്പുകളും പ്രസിഡന്റ് അസാദിനെ എതിർക്കുന്നുണ്ട്. ഇവരിൽ മിതവാദികളായ വിമതരെ ഒഴിവാക്കി ജിഹാദികളെ നേരിടാമെന്ന് അമേരിക്ക ഉറപ്പുനൽകിയിരുന്നു. എന്നാൽ, അവർ ഈ വാഗ്ദാനം പാലിച്ചിട്ടില്ല.

മുൻ അൽനുസ്റാ ഫ്രണ്ടിനെ ഉപയോഗിച്ച് അസാദിനെ താഴെയിറക്കാമെന്നായിരിക്കും അമേരിക്ക കരുതുന്നത്.

വിമതരുടെ അധീനതയിലുള്ള കിഴക്കൻ ആലപ്പോ നഗരത്തിൽ സിറിയൻ, റഷ്യൻ യുദ്ധവിമാനങ്ങൾ ആരംഭിച്ച വ്യോമാക്രമണത്തെ ലാവ്റോവ് ന്യായീകരിച്ചു. കഴിഞ്ഞയാഴ്ച മാത്രം ആലപ്പോയിൽ 100 കുട്ടികൾ ഉൾപ്പെടെ 338 സാധാരണക്കാർ കൊല്ലപ്പെട്ടെന്നു ഡബ്ല്യുഎച്ച്ഒ പറഞ്ഞു. സിവിലിയന്മാർ കൊല്ലപ്പെട്ടെങ്കിൽ ദുഃഖകരമാണെന്നു പറഞ്ഞ ലാവ്റോവ് ഇതിനു തെളിവില്ലെന്നും സമഗ്ര അന്വേഷണം ആവശ്യമാണെന്നും പറഞ്ഞു. കിഴക്കൻ ആലപ്പോയിലെ ജലവിതരണ സ്റ്റേഷൻ ഇന്നലെ ബോംബാക്രമണത്തിൽ തകർന്നതിനെത്തുടർന്നു ജലവിതരണം തകരാറിലായി.


ഭീകരരെ നേരിടാൻ അസാദ് ഭരണകൂടത്തെ സഹായിക്കുകയാണു റഷ്യയുടെ ലക്ഷ്യമെന്നും അതു തുടരുമെന്നും അദ്ദേഹം പറഞ്ഞു.യുഎൻ നിരോധിച്ചിട്ടുള്ള ആയുധങ്ങളൊന്നും റഷ്യ ഉപയോഗിക്കുന്നില്ല.

ആലപ്പോയിൽ ആക്രമണം അവസാനിപ്പിക്കണമെന്നും യുദ്ധവിമാനങ്ങൾക്കു പറക്കൽ നിരോധനം ഏർപ്പെടുത്തണമെന്നുമുള്ള യുഎസ് നിർദേശം റഷ്യ തള്ളി. സിറിയയിലെ റഷ്യൻ വ്യോമത്താവളത്തിലേക്ക് കൂടുതൽ ബോംബർ വിമാനങ്ങൾ അയയ്ക്കാൻ റഷ്യ തീരുമാനിച്ചെന്ന് ഇസ്വെസ്റ്റിയാ പത്രം റിപ്പോർട്ടു ചെയ്തു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.