ഒബാമയ്ക്കു തിരിച്ചടി, വീറ്റോ മറികടന്നു ബിൽ പാസാക്കി
ഒബാമയ്ക്കു തിരിച്ചടി, വീറ്റോ മറികടന്നു ബിൽ പാസാക്കി
Thursday, September 29, 2016 12:29 PM IST
വാഷിംഗ്ടൺ ഡിസി: സെപ്റ്റംബർ 11 ഭീകരാക്രമണത്തിന്റെ ഇരകളുടെ കുടുംബങ്ങൾക്ക് സൗദി സർക്കാരിനെതിരേ യുഎസ് കോടതിയിൽ കേസ് ഫയൽ ചെയ്യാൻ അനുമതി നൽകുന്ന ബിൽ പ്രസിഡന്റ് ഒബാമയുടെ വീറ്റോ മറികടന്നു യുഎസ് കോൺഗ്രസ് പാസാക്കി. കോൺഗ്രസിന്റെ നടപടി തെറ്റായിപ്പോയെന്ന് ഒബാമ പ്രതികരിച്ചു.

ബിൽ പാസാക്കാതിരിക്കാൻ സൗദി അറേബ്യ നടത്തിയ ലോബിയിംഗ് വിലപ്പോയില്ല. പ്രസിഡന്റ് ഒബാമ നേരിട്ട് നേതാക്കളുമായി ബന്ധപ്പെട്ടെങ്കിലും പ്രയോജനമുണ്ടായില്ല.

ഒബാമ വീറ്റോ ചെയ്ത ബിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ സെനറ്റും ജനപ്രതിനിധി സഭയും അംഗീകരിച്ചതോടെ ഇതു നിയമമായി. 100 അംഗ സെനറ്റിൽ 97 പേർ വീറ്റോ മറികടക്കുന്നതിന് അനുകൂലമായി വോട്ടു ചെയ്തു. പ്രതിനിധി സഭയിൽ 348 പേർ അനുകൂലിച്ച് വോട്ടു ചെയ്തപ്പോൾ എതിർത്തത് 77 പേർ മാത്രമാണ്. ഒബാമയുടെ ഭരണത്തിൽ ആദ്യമായാണ് പ്രസിഡന്റ് പുറപ്പെടുവിച്ച വീറ്റോ യുഎസ് കോൺഗ്രസ് തള്ളിക്കളയുന്നത്.

അമേരിക്കക്കാർക്ക് എതിരേ ഭീകരപ്രവർത്തനം നടത്തിയവരെ ഫെഡറൽ കോടതിയിൽ വിചാരണ ചെയ്യുന്നതിനു ജസ്റ്റിസ് ഫോർ സ്റ്റേറ്റ് സ്പോൺസേഴ്സ് ഓഫ് ടെററിസം(ജസ്റ്റാ) എന്നറിയപ്പെടുന്ന ഈ നിയമം അനുമതി നൽകുന്നു. 1976ലെ നിയമത്തിൽ വിദേശ സർക്കാരുകൾക്ക് അനുവദിച്ച നിയമപരിരക്ഷ പുതിയ നിയമത്തിൽ എടുത്തുകളഞ്ഞിരിക്കുകയാണ്.

ഈ നിയമത്തിന്റെ ചുവടു പിടിച്ച് മറ്റു രാജ്യങ്ങളിലും അമേരിക്കൻ സൈനികർക്കും നയതന്ത്രപ്രതിനിധികൾക്കും എതിരേ കേസുകളുടെ പ്രളയംതന്നെ ഉണ്ടാവാൻ സാധ്യതയുണ്ടെന്നു പറഞ്ഞാണ് ഒബാമ നേരത്തെ ബിൽ വീറ്റോ ചെയ്തത്. സൗദിയും മറ്റു ചില രാജ്യങ്ങളുമായുള്ള ബന്ധം മോശമാകുമെന്നും ഒബാമ മുന്നറിയിപ്പു നൽകിയിരുന്നു.


എന്നാൽ സെപ്റ്റംബർ 11 ഭീകരാക്രമണത്തിന് ഇരയായവരുടെയും ബന്ധുക്കളുടെയും നിലപാടിന് കോൺഗ്രസ് അംഗീകാരം നൽകിയത് ഒബാമയ്ക്കു തിരിച്ചടിയായി. സെപ്റ്റംബർ 11ലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട 19 വിമാനറാഞ്ചികളിൽ 15 പേരും സൗദി സ്വദേശികളായിരുന്നു. എന്നാൽ ആക്രമണവുമായി തങ്ങൾക്കു ബന്ധമില്ലെന്നു സൗദി വ്യക്‌തമാക്കി

ഇന്നലെ ഡോളറുമായുള്ള വിനിമയത്തിൽ സൗദി റിയാലിന്റെ വില ഇടിഞ്ഞു. സൗദി–യുഎസ് വാണിജ്യബന്ധത്തിന് ഉലച്ചിൽ തട്ടാൻ സാധ്യതയുണ്ടെന്നു ചില നിരീക്ഷകർ പറഞ്ഞു. സൗദിയുടെ പക്കൽ 9650കോടി ഡോളറിന്റെ യുഎസ് ട്രഷറി ബോണ്ടുകളുണ്ട്. ഏകദേശം ഇത്രയും സംഖ്യ ബാങ്ക് അക്കൗണ്ടിലും മറ്റുമായി യുഎസിൽ സൗദി നിക്ഷേപിച്ചിട്ടുണ്ട്. യുഎസ് സമ്പദ്്വ്യവസ്‌ഥയിൽനിന്ന് ഈ നിക്ഷേപം സൗദി പിൻവലിച്ചാൽ വൻപ്രത്യാഘാതമുണ്ടാവാം. മറ്റു ഗൾഫ്രാജ്യങ്ങളും സൗദിയുടെ പാത പിന്തുടരാനുള്ള സാധ്യതയും തള്ളാനാവില്ല.യുഎസ് കോൺഗ്രസ് ജസ്റ്റാ പാസാക്കിയതു സംബന്ധിച്ച് സൗദി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.