സാർക്ക് സമ്മേളനം മാറ്റും
സാർക്ക് സമ്മേളനം മാറ്റും
Wednesday, September 28, 2016 12:23 PM IST
ഇസ്ലാമാബാദ്: ഇന്ത്യയടക്കം നാലു രാജ്യങ്ങൾ ബഹിഷ്കരിക്കാൻ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിൽ സാർക്ക് സമ്മേളനം മാറ്റിവയ്ക്കുമെന്ന് പാക്കിസ്‌ഥാൻ സൂചന നല്കി. സാർക്ക് നിയമമനുസരിച്ച് ഏതെങ്കിലും ഒരു രാജ്യം ബഹിഷ്കരിച്ചാൽ സമ്മേളനം നടത്താവില്ലെന്നു നിയമമുണ്ടെന്നു പാക്കിസ്‌ഥാൻ പ്രധാനമന്ത്രിയുടെ വിദേശ കാര്യ ഉപദേഷ്‌ടാവ് സർതാജ് അസീസ് പറഞ്ഞു. ഇന്ത്യക്കു പുറമേ അഫ്ഗാനിസ്‌ഥാൻ, ഭൂട്ടാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളും സാർക്ക് സമ്മേളനത്തിൽനിന്നു പിന്മാറിയിരുന്നു. സാർക്ക് സമ്മേളനം ഇസ്ലാമാബാദിൽ നവംബർ 16ന് ആരംഭിക്കാനാണു നിശ്ചയിച്ചിരിക്കുന്നത്.

ഇന്ത്യ സാർക്ക് സമ്മേളനം ബഹിഷ്കരിക്കുന്നത് ആദ്യമായല്ലെന്നും നാലു തവണ സാർക്ക് സമ്മേളനം മാറ്റിവച്ചിട്ടുണ്ടെന്നും സർതാജ് അസീസ് പറഞ്ഞു. സാർക്ക് സമ്മേളനം മാറ്റിവയ്ക്കുന്ന കാര്യത്തിൽ തീരുമാനമായെങ്കിലും ഇക്കാര്യം സംബന്ധിച്ച് സാർക്ക് സെക്രട്ടേറിയറ്റിന്റെ ഔദ്യോഗിക വിശദീകരണം പാക്കിസ്‌ഥാൻ സർക്കാരിനു ലഭിച്ചിട്ടില്ലെന്നും അസീസ് കൂട്ടിച്ചേർത്തു. സാർക്ക് അധ്യക്ഷപദവിയിലുള്ള നേപ്പാളിന്റെ നിലപാടാണു ഇനി നിർണായകമാകുക. ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇന്ത്യ സാർക്ക് സമ്മേളനം ബഹിഷ്കരിക്കാൻ തീരുമാനിച്ചത്. സാർക്ക് ഉച്ചകോടി വിജയകരമായി നടത്താനാവാത്ത സാഹച ര്യം ഒരു രാജ്യം സൃഷ്‌ടിച്ചിരിക്കുന്നതുമൂലം പിന്മാറുകയാണെന്ന് സാർക്ക് അധ്യക്ഷസ്‌ഥാനം വഹിക്കുന്ന നേപ്പാളിനെ ഇന്ത്യ, അഫ്ഗാനിസ്‌ഥാൻ, ബംഗ്ലാദേശ്, ഭൂട്ടാൻ എന്നീ രാജ്യങ്ങൾ അറിയിച്ചു. അതേസമയം, ശ്രീലങ്ക, മാലദ്വീപ്, നേപ്പാൾ എന്നീ രാജ്യങ്ങൾ ഇന്ത്യയുടെ നിലപാടിനു പിന്തുണ നല്കാത്തത് ശ്രദ്ധേയമാണ്.


സാർക്ക് സമ്മേളനം മുൻ നിശ്ചയപ്രകാരം നടത്തുമെന്നു പാക്കിസ്‌ഥാൻ വിദേശകാര്യ വക്‌താവ് നഫീസ് സക്കാരിയ പറഞ്ഞതായി റേഡിയോ പാക്കിസ്‌ഥാൻ റിപ്പോർട്ട് ചെയ്തിരുന്നു. സാർക്ക് സമ്മേളനം ബഹിഷ്കരിക്കാനുള്ള ഇന്ത്യയുടെ തീരുമാനം ദൗർഭാഗ്യകരമാണെന്നും മേഖലയിലെ സമാധാനത്തിനു പാക്കിസ്‌ഥാൻ പ്രതിജ്‌ഞാബദ്ധമാണെന്നും നഫീസ് സക്കാരിയ കൂട്ടിച്ചേർത്തു. സാർക്ക് സമ്മേളനം അട്ടിമറിക്കാൻ ഇന്ത്യ പ്രചാരവേല നടത്തുകയാണെന്ന് പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സർതാജ് അസീസ് പറഞ്ഞതായി പാക്കിസ്‌ഥാൻ ടുഡേ പത്രം റിപ്പോർട്ട് ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.