മുംബൈ ഭീകരാക്രമണം: തീവ്രവാദികൾ ഉപയോഗിച്ച ബോട്ട് പാക് കമ്മീഷൻ പരിശോധിക്കും
മുംബൈ ഭീകരാക്രമണം: തീവ്രവാദികൾ ഉപയോഗിച്ച ബോട്ട് പാക് കമ്മീഷൻ പരിശോധിക്കും
Wednesday, September 28, 2016 12:23 PM IST
ലാഹോർ: 2008ൽ ഭീകരർ മുംബൈ തീരത്ത് എത്തിയ, ഇപ്പോൾ കറാച്ചിയിലുള്ള ബോട്ട് പരിശോധിക്കാൻ ഭീകരവിരുദ്ധ കോടതി പാക് ജുഡീഷൽ കമ്മീഷനോടു നിർദേശിച്ചു. മുംബൈ ആക്രമണം സംബന്ധിച്ച് ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി സമർപ്പിച്ച അപേക്ഷയിലാണ് കോടതി ഉത്തരവ്. കേസിലെ നിർണായകമായ തെളിവുമുതൽ കോടതിയിൽ ഹാജരാക്കാനാവില്ലെന്നായിരുന്നു എഫ്ഐഎ കോടതിയെ ബോധിപ്പിച്ചത്. ബോട്ട് പരിശോധിക്കുന്നതിനൊപ്പം കേസിലെ സാക്ഷിയായ മുനീറിനെ വിസ്തരിക്കാനും കോടതി അനുമതി നല്കി. മുംബൈ ഭീകരാക്രമണക്കേസിൽ നീതിപൂർവകമായ വിചാരണ നടത്തണമെന്നാവശ്യപ്പെട്ട് ഇന്ത്യ പാക്കിസ്‌ഥാന് കത്തയച്ചിരുന്നു. എഫ്ഐഎ സമർപ്പിച്ച കുറ്റപത്രത്തിൽ സൂഫിയാൻ സഫർ എന്ന പ്രതിയെ ഒഴിവാക്കിയതിലുള്ള പ്രതിഷേധം ഇന്ത്യ അറിയിക്കുകയും ചെയ്തിരുന്നു. സഫറിനെതിരേ തെളിവില്ലെന്നാണ് എഫ്ഐഎ കോടതിയെ ബോധിപ്പിച്ചത്. എന്നാൽ,ഭീകരർക്കു സാമ്പത്തിക സഹായം നല്കിയതു സഫറാണെന്നതിന്റെ തെളിവുകൾ ഇന്ത്യയുടെ പക്കലുണ്ട്. ഭീകരരിൽ ഒരാളുടെ അക്കൗണ്ടിലേക്ക് സഫർ 14,000 രൂപ നിക്ഷേപിച്ചിരുന്നു.


2008 ൽ മുംബൈയിൽ അരങ്ങേറിയ ഭീകരാക്രമണങ്ങളിൽ 166 പേരാണു കൊല്ലപ്പെട്ടത്. മുംബൈ ഭീകരാക്രമങ്ങൾക്കു പിന്നിൽ ലഷ്കർ കമാൻഡർ ലഖ്വിയുടെ പങ്കിനെക്കുറിച്ചും തെളിവുകളുണ്ട്. ജയിലിൽനിന്നു ജാമ്യത്തിലിറങ്ങിയ ലഖ്വി ഒളിവിലാണ്. മറ്റ് ആറുപേരും റാവൽപിണ്ടിയിലെ ജയിലിലുണ്ട്. ആറുവർഷമായി കേസിൽ വിചാരണ നടന്നുവരികയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.