പാക്കിസ്‌ഥാനുമായി തകർക്കാൻ പറ്റാത്ത സൗഹൃദമെന്നു ചൈനീസ് പ്രധാനമന്ത്രി
പാക്കിസ്‌ഥാനുമായി തകർക്കാൻ പറ്റാത്ത സൗഹൃദമെന്നു ചൈനീസ് പ്രധാനമന്ത്രി
Thursday, September 22, 2016 12:20 PM IST
ന്യൂയോർക്ക്: പാക്കിസ്‌ഥാനുമായുള്ള സൗഹൃദം തകർക്കാൻ പറ്റാത്തതാണെന്നു ചൈനീസ് പ്രധാനമന്ത്രി ലി കെചിയാംഗ്. യുഎൻ അസംബ്ലിക്കിടെ കെചിയാംഗും പാക് പ്രധാനമന്ത്രി നവാസ് ഷരീഫും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കാഷ്മീർ വിഷയം കെചിയാംഗ് സംസാരിച്ചതായി ചൈന വ്യക്‌തമാക്കിയിട്ടില്ല. എന്നാൽ, കാഷ്മീർ വിഷയത്തിൽ ചൈന പിന്തുണ നല്കിയതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പാക്കിസ്‌ഥാൻ ചൈനയുടെ തന്ത്രപ്രധാന പങ്കാളിയാണെന്നും ഇരുരാജ്യങ്ങളും പരസ്പരം സഹകരിക്കുമെന്നും സൗഹൃദം തകർക്കാർ കഴിയാത്തതാണെന്നും സിൻഹുവ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ചൈന–പാക് സാമ്പത്തിക ഇടനാഴി നടപ്പിലാക്കുന്നതിനു വേണ്ടതെല്ലാം ചെയ്യും. ഗാവ്ധർ തുറമുഖം യാഥാർഥ്യമാകുന്നതിനുള്ള സഹായം നല്കുമെന്നും കെചിയാംഗ് കൂടിക്കാഴ്ചയിൽ വ്യക്‌തമാക്കി. കാഷ്മീർ വിഷയത്തിൽ കെചിയാംഗ് പരാമർശം നടത്തിയതായി ചൈനയുടെ സിൻഹുവ റിപ്പോർട്ട് ചെയ്തിട്ടില്ല.


എന്നാൽ, കാഷ്മീർ വിഷയത്തിൽ പാക്കിസ്‌ഥാനു ചൈന പിന്തുണ വാഗ്ദാനം ചെയ്തതായി പാക് പത്രം ഡോൺ റിപ്പോർട്ട് ചെയ്തു. പാക്കിസ്‌ഥാനു വേണ്ടി സംസാരിക്കുമെന്നും എല്ലാ സമിതികളിലും പിന്തുണയ്ക്കുമെന്നും ചൈനീസ് പ്രധാനമന്ത്രി പറഞ്ഞതായി ഡോൺ ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.