കാഷ്മീരികളുടെ പേരിൽ പാക്കിസ്‌ഥാനിൽ പണപ്പിരിവ്
കാഷ്മീരികളുടെ പേരിൽ പാക്കിസ്‌ഥാനിൽ പണപ്പിരിവ്
Monday, August 29, 2016 11:07 AM IST
ലാഹോർ: ജമ്മു കാഷ്മീരിലെ ജനങ്ങളെ സഹായിക്കാനെന്ന പേരിൽ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും നിരോധിത ഭീകരസംഘടനയായ ജമാ അത്ത് ഉദ്വയുടെ തലവനുമായ ഹാഫിസ് സയീദ് പാക്കിസ്‌ഥാനിൽ വ്യാപകമായ പണപ്പിരിവ് നടത്തുന്നു. ബലിമൃഗങ്ങളെ അറുത്ത് മാംസം കാഷ്മീരികൾക്കു വിതരണം ചെയ്യാനെന്ന പേരിലും സംഭാവന സ്വീകരിക്കുന്നുണ്ട്.

കാഷ്മീരിനെ മോചിപ്പിക്കാനുള്ള മുന്നേറ്റം (എംകെഎൽ) എന്നു പേരിട്ടിരിക്കുന്ന സംഘടനയുടെ ആഭിമുഖ്യത്തിലാണു പണപ്പിരിവ്. ഇതിനായി ഹാഫിസ് സയിദിന്റെ പേരും ചിത്രങ്ങളും രേഖപ്പെടുത്തിയ പോസ്റ്ററുകളുമായി ക്യാമ്പുകൾ തുറന്നിട്ടുമുണ്ട്. ജമാ അത്ത് ഉദ്വയുടെ സഹോദരസംഘടനയായ ഫലാഹ് ഇ ഇൻസാനിയത് ഫൗണ്ടേഷന്റെ (എഫ്ഐഎഫ്) ആഭിമുഖ്യത്തിലും ക്യാമ്പുകൾ പ്രവർത്തിക്കുന്നു. സയിദിന്റെ ചിത്രത്തിനു പുറമേ കാഷ്മീരിലെ കലാപത്തിൽ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും ചിത്രങ്ങൾ പോസ്റ്ററുകളിൽ ഉണ്ട്.

ഇന്ത്യൻ സേനയ്ക്കെതിരേ പോരാടുന്നവരെ സഹായിക്കാൻ സംഭാവന നൽകണമെന്നാണ് ആഹ്വാനം. ഒരു കുടുംബത്തിനു ഭക്ഷണം എത്തിച്ചുനൽകാൻ 5000 രൂപയാണ് സംഘടന ആവശ്യപ്പെടുന്നത്. പരിക്കേറ്റവർക്കു ചികിത്സ നൽകാൻ 20,000 രൂപയും.


പാക്കിസ്‌ഥാനിൽ അടുത്തമാസം ഈദ് അൽ ആഷ ആഘോഷിക്കാനിരിക്കെ ബലിയർപ്പിക്കാൻ മൃഗങ്ങളെ സംഭാവന ചെയ്യാനും സംവിധാനമുണ്ട്.

ഇവയെ അറുത്ത് മാംസം കാഷ്മീരിലും പലസ്തീനിലും സിറിയയിലുമുള്ള ആവശ്യക്കാർക്ക് എത്തിച്ചുനൽകുമെന്നാണ് ഹാഫിസ് സയിദിന്റെ അനുയായികളുടെ വാഗ്ദാനം. പങ്കാളിത്ത വ്യവസ്‌ഥയിൽ മൃഗങ്ങളെ നൽകാനും അവസരമുണ്ട്.

കാളയെ ബലിയർപ്പിക്കുന്നതിനു 63,000 രൂപയാണ് ഈടാക്കുന്നത്. 9,000 രൂപ മുടക്കിയാൽ കാളയെ സംഭാവന ചെയ്യാം. ആടിനെ ബലിയർപ്പിക്കാനാണെങ്കിൽ 13,000 രൂപ മുടക്കിയാൽ മതി. വലിയ മൃഗമായതിനാൽ ഒട്ടകബലിക്ക് പങ്കാളിത്ത വ്യവസ്‌ഥയിലാണ് ആഹ്വാനം. 13,000 രൂപ വീതം നൽകിയാൽ ഇതിന് അവസരം ലഭിക്കും.

അതേസമയം, മൃഗബലിക്കായി തയാറാക്കിയ രണ്ടു ക്യാമ്പുകൾ നീക്കം ചെയ്തുവെന്ന് ലാഹോർ പോലീസിലെ സീനിയർ ഓഫീസർ ഹൈദർ അഷ്റഫ് അറിയിച്ചു. നിരീക്ഷണപ്പട്ടികയിലുള്ള ഭീകരസംഘടനയുടെ നേതൃത്വത്തിലുള്ള പണപ്പിരിവായതിനാൽ മറ്റു ക്യാമ്പുകൾ അവസാനിപ്പിക്കാൻ നിർദേശം നൽകിയതായും അദ്ദേഹം വ്യക്‌തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.