ദിവ്യബലി മധ്യേ വൈദികനെ ആക്രമിച്ചു
ദിവ്യബലി മധ്യേ വൈദികനെ ആക്രമിച്ചു
Sunday, August 28, 2016 11:56 AM IST
ജക്കാർത്ത: ഇന്തോനേഷ്യയിൽ ദിവ്യബലി മധ്യേ കത്തോലിക്കാ വൈദികനെ ഐഎസ് ഭീകരൻ കോടാലികൊണ്ട് വെട്ടിപരിക്കേല്പിച്ചു. സുമാട്രയിലെ മേഡനിലെ സെന്റ് ജോസഫ്സ് കത്തോലിക്കാ ദേവാലയത്തിൽ ഇന്നലെയാണു സംഭവം. 18കാരനായ അക്രമിയെ വിശ്വാസികൾ കീഴ്പ്പെടുത്തി പോലീസിൽ ഏല്പിച്ചു.

പരിക്കേറ്റ ഫാ.ആൽബർട്ട് പൻഡിയാൻഗനെ(60) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചാവേർ ആക്രമണം നടത്തി നിരവധി പേരെ വധിക്കാനുള്ള പദ്ധതിയുമായി എത്തിയ അക്രമി ബാഗിലെ ബോംബ് പൊട്ടാത്തതിനെത്തുടർന്നാണു വൈദികനെ ആക്രമിച്ചതെന്നു പറയപ്പെടുന്നു. ബാഗിലുണ്ടായിരുന്ന നാടൻ ബോംബിനു തീ കൊളുത്തിയെങ്കിലും സ്ഫോടനം ഉണ്ടായില്ല. സഫോടനം നടന്നിരുന്നെങ്കിൽ നിരവധി പേർക്കു ജീവഹാനി സംഭവിക്കുമായിരുന്നു.


ദേവാലയത്തിൽ തിരുക്കർമങ്ങൾ നടക്കുമ്പോൾ വിശ്വാസികളുടെ കൂട്ടത്തിൽ ഇരിക്കുകയായിരുന്ന അക്രമി അൾത്താരയ്ക്കു സമീപത്തെത്തി വൈദികനെ ആക്രമിക്കുകയായിരുന്നു. ഇത് ഭീകരാക്രമണമാണെന്ന നിലയിലാണ് അന്വേഷണം നടത്തുന്നതെന്നു പോലീസ് വ്യക്‌തമാക്കി.ഐഎസിന്റെ പതാക ഇയാളുടെ പക്കൽനിന്നു കണ്ടെടുത്തു. ഐഡി കാർഡും കിട്ടി.അക്രമിയെ ചോദ്യം ചെയ്തുവരികയാണെന്നും അയാളുടെ വസതിയിൽ പരിശോധന നടത്തുമെന്നും നോർത്ത് സുമാട്രയിലെ മേഡൻ പോലീസ് വക്‌താവ് റിനാ സരി ജിന്റിംഗ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.