മരണമുഖത്തുനിന്നു മദറിന്റെ മാധ്യസ്‌ഥതയിൽ തിരികെ വന്ന ആൻഡ്രിനോ
മരണമുഖത്തുനിന്നു മദറിന്റെ മാധ്യസ്‌ഥതയിൽ തിരികെ വന്ന ആൻഡ്രിനോ
Saturday, August 27, 2016 11:45 AM IST
റോം: ബ്രസീലിലെ എൻജിനിയറായ ആൻഡ്രിനോ മാർച്ചിലിയോ ഹദാദിനുണ്ടായ വിസ്മയകരമായ രോഗശാന്തിയാണ് മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിനു നിദാനമായ അദ്ഭുതമായി കത്തോലിക്കാസഭ അംഗീകരിച്ചത്.

മെക്കാനിക്കൽ എൻജിനിയറിംഗിൽ ഡോക്ടറേറ്റുള്ള ആൻഡ്രിനോയ്ക്കു 35–ാം വയസിൽ 2008–ലാണു ഗുരുതര പ്രശ്നങ്ങളുമായി ആശുപത്രിയിൽ പ്രവേശിക്കേണ്ടിവന്നത്. ശസ്ത്രക്രിയകൊണ്ടു മാത്രം മാറാവുന്ന ഗുരുതര മസ്തിഷ്കരോഗം മദർ തെരേസയോടുള്ള മധ്യസ്‌ഥപ്രാർഥനകൊണ്ടു മാറി.

വിദഗ്ധ പരിശോധനയിൽ ആൻഡ്രിനോയ്ക്ക് എട്ടു സെറിബ്രൽ അബ്സസ് ഉള്ളതായി കണ്ടു. അതായത് തലച്ചോറിൽ എട്ടിടത്ത് അണുബാധ. ബാക്ടീരിയകൊണ്ടോ വൈറസുകൊണ്ടോ സംഭവിക്കാവുന്ന രോഗം. തലച്ചോറിലെ കോശങ്ങൾ നശിക്കുകയും പഴുപ്പ് ഉണ്ടാവുകയും ചെയ്യുന്നു.

രോഗി പെട്ടെന്ന് അബോധാവസ്‌ഥയിലായി. ഏതാനും ദിവസം കഴിഞ്ഞപ്പോൾ സ്‌ഥിതി കൂടുതൽ വഷളായി. തലച്ചോറിൽ നീർക്കെട്ട് അപകടകരമായ അവസ്‌ഥയിലായി. മരണം ആസന്നമാണെന്നു മനസിലാക്കിയ അവിടത്തെ സർജൻ പ്രഫ.കാബ്രാൾ ഓപ്പറേഷൻ നടത്തി നോക്കാൻ ഉറച്ചു. 2008 ഡിസംബർ 13നായിരുന്നു ഓപ്പറേഷൻ നിശ്ചയിച്ചത്. ഓപ്പറേഷൻ തിയറ്ററിലേക്കു പ്രവേശിപ്പിക്കപ്പെട്ട രോഗി പെട്ടെന്നു കണ്ണുകൾ തുറന്നു. എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് തിരക്കി; “എന്നെ എന്തേ ഇവിടെ കൊണ്ടു വന്നു?’

അമ്പരന്നുപോയ പ്രഫ.കാബ്രാൾ സർജറി മാറ്റിവച്ചു. ഒരു സിടി സ്കാൻ എടുത്തു. സ്കാനിംഗിൽ കണ്ടത് അദ്ഭുതകരമായ മാറ്റമാണ്. തലച്ചോറിലെ നീർക്കെട്ട് അപ്രത്യക്ഷമായി. സെറിബ്രൽ അബ്സസുകളിൽ 70 ശതമാനം മാറി. ഏതാനും ദിവസങ്ങൾക്കകം ആൻഡ്രിനോയെ ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ചെയ്തു.

രോഗവിമുക്‌തനായെന്നു പ്രഫ. കാബ്രാൾ റിപ്പോർട്ടും കൊടുത്തു. ഡിസംബർ 23 നായിരുന്നു ഡിസ്ചാർജ്. ഇത്രയും വലിയ രോഗബാധ ഉണ്ടായതിന്റെ അനുബന്ധ പാർശ്വഫലങ്ങൾ ഒന്നും ആൻഡ്രിനോയിൽ കാണാനുണ്ടായില്ല. ഏതാനും ദിവസം കൊണ്ടു പരിപൂർണ സുഖമായി.


2008 ഡിസംബർ 13നും 23നും ഇടയിൽ എല്ലാം ശരിയായി. ഇപ്പോൾ ആൻഡ്രിനോ വാഹനം ഓടിക്കുന്നു. ജോലി ചെയ്യുന്നു. പിന്നീട് രണ്ടു മക്കൾ ജനിച്ചു 2010–ലും 2012–ലും.

ഈ രോഗത്തിനു സൗഖ്യം ഉണ്ടാകണമെങ്കിൽ ഓപ്പറേഷൻ അനിവാര്യമാണ്. സൗഖ്യം വളരെ സാവകാശമേ ഉണ്ടാവൂ. പാർശ്വഫലങ്ങൾ ഉണ്ടാവുകയും ചെയ്യും. ഇവിടെ ഇതൊന്നുമില്ലാതെ, വൈദ്യസഹായം ഒന്നുമില്ലാതെ സൗഖ്യം– നാമകരണത്തിനായുള്ള തിരുസംഘത്തിന്റെ ഔദ്യോഗിക വിദഗ്ധൻ പ്രഫ. കാർലോ ജോവിൻ പറഞ്ഞു. സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് ഓഫ് ദി ഓർഡർ ഓഫ് മാൾട്ടായിലെ പ്രൈമറി ന്യൂറോളജിസ്റ്റാണു പ്രഫ.ജോവിൻ.

ആൻഡ്രിനോയുടെ ഭാര്യ ഫെർണാണ്ട റോച്ച ഭർത്താവിനു വേണ്ടി പ്രാർഥനാസഹായം തേടി സാവോവിൻചെന്തെയിലെ അപ്പാരെസിഡായിൽ പരിശുദ്ധ മറിയത്തിന്റെ നാമത്തിലുള്ള പള്ളിയിൽ എത്തി. വികാരി ഫാ. എൽമിരാൻ ഫെരേര, മദർ തെരേസയുടെ സന്യാസിനികൾക്കായി വിശുദ്ധ കുർബാന അർപ്പിക്കാൻ തുടങ്ങും മുമ്പായിരുന്നു ഫെർണാണ്ട എത്തിയത്.

അവളെ സാന്ത്വനിപ്പിച്ച വൈദികൻ ഭർത്താവിന്റെ സൗഖ്യത്തിനായി മദർ തെരേസയുടെ മാധ്യസ്‌ഥ്യം തേടാൻ ഉപദേശിച്ചു. ഒരു നൊവേന പുസ്തകവും നൽകി. അന്നു ഡിസംബർ ഏഴായിരുന്നു. പിറ്റേന്നാണ് ഓപ്പറേഷൻ നിശ്ചയിച്ചിരുന്നത്.

നില വഷളാകുന്നതറിഞ്ഞ് വൈദികൻ ആശുപത്രിയിലെത്തി രോഗീലേപനം കൊടുത്തു. മദർ തെരേസയുടെ ഒരു ചിത്രവും തിരുശേഷിപ്പും അച്ചനും ഫെർണാണ്ടയും ചേർന്ന് ആൻഡ്രിനോയുടെ തലയണയ്ക്കടിയിൽ വച്ചു. അതു കഴിഞ്ഞപ്പോഴാണ് അദ്ഭുതം നടന്നത്.

എല്ലാ രേഖകളും പരിശോധിച്ച പ്രഫ.ജൊവിൻ തീർത്തു പറയുന്നു. “വൈദ്യശാസ്ത്രത്തിന് ഇതു വിശദീകരിക്കാനാവില്ല. ഇത് അദ്ഭുതമാണ്. ഈ അദ്ഭുതം അംഗീകരിച്ചാണു വാഴ്ത്തപ്പെട്ട മദർ തെരേസയെ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധയായി നാമകരണം ചെയ്യുന്നത്’’.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.