അവശിഷ്‌ടങ്ങൾക്കടിയിൽ മരണം മുന്നിൽകണ്ട് സിസ്റ്റർ ലീഷി
അവശിഷ്‌ടങ്ങൾക്കടിയിൽ മരണം മുന്നിൽകണ്ട് സിസ്റ്റർ ലീഷി
Friday, August 26, 2016 12:00 PM IST
പിസിനൊ (ഇറ്റലി): ഇറ്റാലിയൻ ഭൂകമ്പത്തിന്റെ ജീവിക്കുന്ന മുഖമായിരിക്കുകയാണ് മുപ്പത്തഞ്ചുകാരിയായ സിസ്റ്റർ മരിയാന ലീഷി. തലമുണ്ടിലൂടെ രക്‌തം ഒലിച്ചിറങ്ങി ആശ്രയത്തിനായി കാത്തിരിക്കുന്ന സിസ്റ്റർ ലീഷിയുടെ ചിത്രം ലോകപ്രശസ്തമായിരിക്കുന്നു. ഭൂകമ്പത്തിൽ മഠം തകർന്നുവീണ് അതിനുള്ളിൽ അകപ്പെട്ടുപോയതിനെക്കുറിച്ച് വിവരിക്കുമ്പോൾ സിസ്റ്ററിന്റെ കണ്ണുകൾ ഇപ്പോഴും ഈറനണിയുന്നു. താൻ ജീവനോടെയുണ്ടെന്നും രക്ഷപ്പെടാൻ വഴിയില്ലെന്നും തന്റെ ആത്മാവിനുവേണ്ടി പ്രാർഥിക്കണമെന്നും തകർന്ന കെട്ടിടാവശിഷ്‌ടങ്ങൾക്കുള്ളിൽകിടന്ന് സിസ്റ്റർ സുഹൃത്തുക്കളോടു മൊബൈൽ മെസേജുകളിലൂടെ അഭ്യർഥിച്ചു. എന്നാൽ, ദൈവദൂതനെപ്പോലെ ഒരാൾ എത്തി തന്നെ രക്ഷിച്ചതായി സിസ്റ്റർ പറഞ്ഞു. ഇനി ഒരാഗ്രഹം മാത്രം. സെപ്റ്റംബർ നാലിനു റോമിൽ മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ സംബന്ധിക്കണം: തന്റെ അദ്ഭുതകരമായ രക്ഷപ്പെടലിനെക്കുറിച്ചു നടത്തിയ ഒരു അഭിമുഖത്തിൽ സിസ്റ്റർ ലീഷി പറഞ്ഞു.

അൽബേനിയൻ സ്വദേശിയായ സിസ്റ്റർ ലീഷി, ഡോൺ മിനോസി കോൺവെന്റിൽ വൃദ്ധസ്ത്രീകളെ ശുശ്രൂഷിക്കുന്നവർക്കൊപ്പമാണ്. ലീഷി അടക്കം ഏഴ് കന്യാസ്ത്രീകളാണു മഠത്തിലുണ്ടായിരുന്നത്. പുലർച്ചെ 3.36ഓടെയായിരുന്നു ഭൂകമ്പം.


വൻശബ്ദവും പൊടിപടലങ്ങളുംകാരണം ഉറക്കമുണർന്നെങ്കിലും എന്താണു സംഭവിക്കുന്നതെന്നു മനസിലായില്ല. സഹായത്തിനായി അഭ്യർഥിച്ചെങ്കിലും മറുപടി ലഭിച്ചില്ല. പുറത്തുകടക്കാൻ സാധിക്കില്ലെന്നു മനസിലായതോടെ തന്റെ അവസ്‌ഥ അറിയിച്ച് സുഹൃത്തുക്കൾക്ക് സന്ദേശം അയയ്ക്കാൻ തുടങ്ങി. എന്നാൽ, വീട്ടിലേക്കു സന്ദേശം അയച്ചില്ല. കാരണം വാർത്ത അറിഞ്ഞ് അച്ഛന് എന്തെങ്കിലും സംഭവിക്കുമോയെന്നു ഭയന്നു. മരണം മുന്നിൽക്കണ്ട് കഴിയവേ സിസ്റ്റർ മരിയാന എന്ന വിളികേട്ടു. തുടർന്ന് തന്റെ ജീവൻ രക്ഷിക്കാനെത്തിയ ദൈവദൂതന്റെ കൈപിടിച്ച് കെട്ടിട അവശിഷ്‌ടങ്ങൾക്കിടയിലൂടെ പുറത്തേക്ക്.

പ്രായമായ ഒരു സ്ത്രീയെ ശുശ്രൂഷിക്കാനെത്തിയ യുവാവാണു തന്നെയും രക്ഷപ്പെടുത്തിയത്. അവിടുന്നു പുറത്തുകടന്നശേഷം താൻ രക്ഷപ്പെട്ട വിവരം സുഹൃത്തുക്കളെ സന്ദേശങ്ങളിലൂടെ അറിയിച്ചു: സിസ്റ്റർ ലീഷി പറഞ്ഞു നിർത്തി. രക്‌തം ഒലിച്ചിറങ്ങിയ മുഖവുമായി നിലത്ത് ഇരുന്ന് മൊബൈലിൽ സന്ദേശം അയയ്ക്കുന്ന സിസ്റ്റർ ലീഷിയുടെ ചിത്രം അൻസാ വാർത്താ ഏജൻസി ഫോട്ടോഗ്രാഫറാണ് എടുത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.