മദർ തെരേസയുടെ വിശുദ്ധപദ പ്രഖ്യാപനം: അൽബേനിയ, കൊസോവോ രാജ്യങ്ങളിൽ പ്രത്യേക പ്രാർഥന
മദർ തെരേസയുടെ വിശുദ്ധപദ പ്രഖ്യാപനം: അൽബേനിയ, കൊസോവോ രാജ്യങ്ങളിൽ പ്രത്യേക പ്രാർഥന
Thursday, August 25, 2016 11:55 AM IST
റോം: മദർ തെരേസയുടെ വിശുദ്ധപദ പ്രഖ്യാപനത്തോടനുബന്ധിച്ച് അൽബേനിയ, കൊസോവോ രാജ്യങ്ങളിലെ കത്തോലിക്കാ പള്ളികളിൽ പ്രത്യേക പ്രാർഥനയും ചടങ്ങുകളും നടക്കും. മദറിനെ വിശുദ്ധയായി വത്തിക്കാനിൽ പ്രഖ്യാപിക്കുന്ന സെപ്റ്റംബർ നാലിനു മുമ്പും ശേഷവുമായിരിക്കും ചടങ്ങുകൾ. മാസിഡോണിയായിലെ സ്കോപ്യേയിൽ കൊസോവോയിൽനിന്നുള്ള അൽബേനിയൻ കുടുംബത്തിൽ 1910 ഓഗസ്റ്റിലാണ് മദർ തെരേസ ജനിച്ചത്.

ആഘോഷങ്ങൾക്ക് അൽബേനിയൻ, കൊസോവോ പള്ളികൾ സംയുക്‌ത കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്ന് ടിറാന–ഡ്യൂറസ് ആർച്ച്ബിഷപ് ജോർജ് ഫ്രെണ്ടോ പറഞ്ഞു.

കൊസോവോയുടെ റിയോ ഒളിമ്പിക് ജൂഡോ സ്വർണ മെഡൽ ജേതാവ് മലിൻഡ കെൽമെണ്ഡി, അൽബേനിയൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ ലോറിക് ചാന എന്നിവരും ചടങ്ങുകളിൽ സംബന്ധിക്കും.


സെപ്റ്റംബർ മൂന്നിനു വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടക്കുന്ന സംഗീതസന്ധ്യയിൽ അൽബേനിയയിൽനിന്നുള്ള എർമോനില യാഹോ, ഇൻവ മൂല, സമിർ പിർഗു എന്നിവർ പങ്കെടുക്കും. അൽബേനിയൻ വാദ്യോപകരണങ്ങൾ സംഗീതം ചൊരിയുന്ന സന്ധ്യയിൽ കൊസോവോയിൽ ജനിച്ച പോപ് താരം റിത ഒറ ഗാനം ആലപിക്കും.

അൽബേനിയയിലെയും കൊസോവോയിലെയും മുതിർന്ന രാഷ്ട്രീയനേതാക്കളെ നാമകരണ ചടങ്ങിലേക്ക് ടിരാനയിലെ വത്തിക്കാൻ എംബസി ക്ഷണിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.