ബോക്കോ ഹറാം നേതാവ് ഷെക്കാക്കുവിനു പരിക്കേറ്റു
ബോക്കോ ഹറാം നേതാവ്  ഷെക്കാക്കുവിനു പരിക്കേറ്റു
Tuesday, August 23, 2016 12:24 PM IST
സൊക്കോട്ടോ (നൈജീരിയ) : ബോക്കോ ഹറാം ഭീകര സംഘടനയിലെ ഏതാനും ഉന്നത കമാൻഡർമാർ നൈജീരിയൻ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. സംഘടനയുടെ നേതാവ് അബുബക്കർ ഷെക്കാക്കുവിനു മാരകമായി പരിക്കേറ്റെന്ന് സൈനിക വക്‌താവ് സാനി ഉസ്മാൻ പറഞ്ഞു. ഒരു പക്ഷേ ഷെക്കാക്കു കൊല്ലപ്പെട്ടിരിക്കാനും സാധ്യതയുണ്ട്.

യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറി നൈജീരിയൻ അധികൃതരുമായി ചർച്ചയ്ക്ക് എത്തിയ അവസരത്തിൽത്തന്നെയാണ് ബോക്കോ ഹറാമിനെതിരേ സൈനിക നീക്കം ശക്‌തമാക്കിയത്.

സാംബിസ വനത്തിലുള്ള ബോക്കോ ഹറാമിന്റെ മുഖ്യതാവളത്തിൽ വെള്ളിയാഴ്ച നടത്തിയ വ്യോമാക്രമണത്തിൽ അബുബക്കർ മുബി, മലാം നൂഹു, മലാംഹമാൻ എന്നീ ഉന്നത കമാൻഡർമാർ കൊല്ലപ്പെട്ടെന്ന് സാനി ഉസ്മാൻ സ്‌ഥിരീകരിച്ചു. ഷെക്കാക്കുവിനു തോളിൽ മാരകമായ മുറിവേറ്റിട്ടുണ്ട്. അദ്ദേഹം ജീവനോടെയുണ്ടോ എന്നു വ്യക്‌തമല്ല.


ഷെക്കാക്കു കൊല്ലപ്പെട്ടതായി ഇതിനുമുമ്പും പലതവണ നൈജീരിയൻ സൈന്യം അവകാശപ്പെട്ടിട്ടുണ്ട്. എന്നാൽ, പിന്നീട് അദ്ദേഹം വീഡിയോയിൽ പ്രത്യക്ഷപ്പെട്ട് സൈന്യത്തെ പരിഹസിച്ചു. സാംബിസയിലെ വ്യോമാക്രമണത്തെക്കുറിച്ച് ഇതുവരെ ബോക്കോ ഹറാം പ്രതികരിച്ചിട്ടില്ല.

ബോക്കോ ഹറാമിൽ അടുത്തകാലത്ത് ഭിന്നിപ്പുണ്ടായതായി വാർത്ത വന്നിരുന്നു. ഷെക്കാക്കുവിനെ മാറ്റി അൽബർനാവി നേതൃത്വത്തിലെത്തിയെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ, ഷെക്കാക്കു തന്നെ രംഗത്തെത്തുകയും താൻ നേതൃത്വത്തിലുണ്ടെന്നു വ്യക്‌തമാക്കുകയും ചെയ്തു.

ചിബോക് ഗേൾസ് സെക്കൻഡറി സ്കൂളിൽനിന്നു രണ്ടു വർഷം മുമ്പു തട്ടിക്കൊണ്ടുപോയ വിദ്യാർഥിനികളിൽ 50 പേരുടെ വീഡിയോ ഈയിടെ ബോക്കോ ഹറാം പ്രസിദ്ധപ്പെടുത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.