ഇറാക്കിൽ 36 ഭീകരരെ തൂക്കിലേറ്റി
ഇറാക്കിൽ 36 ഭീകരരെ തൂക്കിലേറ്റി
Sunday, August 21, 2016 11:08 AM IST
നസ്്റിയ (ഇറാക്ക്): സ്പെയിക്കർ കൂട്ടക്കൊലക്കേസിലെ പ്രതികളായ 36 ഐഎസ് ഭീകരരെ ഇറാക്കിലെ നസ്റിയയിലെ ജയിലിൽ ഇന്നലെ തൂക്കിക്കൊന്നു. 2014ലാണ് തിക്രിത്ത് നഗരം ഐഎസിന്റെ അധീനതയിലായത്. തിക്രിത്തിനു സമീപമുള്ള സ്പെയിക്കർ സൈനിക താവളത്തിൽനിന്ന് 1700 പേരെ ഐഎസ് ഭീകരർ തട്ടിക്കൊണ്ടുപോയി വധിച്ചു. സൈനികരെ നിരത്തിനിർത്തി വെടിവച്ചുകൊല്ലുന്നതിന്റെ വീഡിയോയും ഭീകരർ അന്നു പുറത്തുവിട്ടിരുന്നു. പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതിനു പ്രസിഡന്റ് ഫുവാദ് മുസം അനുമതി നൽകിയതിനെത്തുടർന്നു കഴിഞ്ഞയാഴ്ചയാണ് 36 പേരെയും നസ്റിയ ജയിലിൽ എത്തിച്ചത്.


ഭീകരാക്രമണക്കേസുകളിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരുടെ ശിക്ഷ നടപ്പാക്കുന്നതിൽ കാലതാമസം പാടില്ലെന്ന് ഈയിടെ പ്രധാനമന്ത്രി ഹൈദർ അൽ അബാദി പറഞ്ഞിരുന്നു. ബാഗ്ദാദിൽ കഴിഞ്ഞ മാസം നടന്ന ഭീകരാക്രമണത്തിൽ 300 പേർ കൊല്ലപ്പെട്ട സാഹചര്യത്തിലാണു പ്രധാനമന്ത്രി നിലപാടു കർക്കശമാക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.