കിഴക്കൻ യുക്രെയ്നിലെ സംഘർഷം: അമേരിക്ക യുക്രെയ്നുമായി ചർച്ച നടത്തി
Saturday, August 20, 2016 11:42 AM IST
വാഷിംഗ്ടൺ/കീവ്: കിഴക്കൻ യുക്രെയ്നിൽ വീണ്ടും സംഘർഷാവസ്‌ഥ ഉടലെടുക്കുന്ന പശ്ചാത്തലത്തിൽ അമേരിക്കൻ വൈസ് പ്രസിഡന്റ് ജോ ബൈഡൻ യുക്രെയ്ൻ പ്രസിഡന്റ് പെട്രോ പോറോഷെങ്കോയെ ഫോണിലൂടെ ബന്ധപ്പെട്ടു. ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. യുക്രെയ്ൻ സൈന്യവും റഷ്യൻ അനുകൂല വിമതസേനയും തമ്മിൽ പോരാട്ടം ശക്‌തമായ പശ്ചാത്തലത്തിലാണ് ബൈഡന്റെ ഇടപെടൽ.

വ്യാഴാഴ്ച റഷ്യൻ അനുകൂല വിഘടന സേന കിഴക്കൻ യുക്രെയ്നിൽ അതിശക്‌തമായ ആക്രമണം അഴിച്ചുവിട്ടിരുന്നു. 2015ൽ വെടിനിർത്തൽ കരാറുണ്ടാക്കിയതിനുശേഷം റഷ്യൻ അനുകൂല വിഘടനവാദികൾ നടത്തുന്ന ആക്രമണമാണിത്.

കിഴക്കൻ യുക്രെയ്നിൽ നിലനിൽക്കുന്ന സംഘർഷാവസ്‌ഥയിൽ ലോകം ആശങ്കാകുലമാണ്. സംഘർഷാവസ്‌ഥ കുറയ്ക്കണമെന്ന സന്ദേശം റഷ്യക്കു നല്കിയിട്ടുണ്ട്. യുക്രെയ്നിനോടും സംയമനം പാലിക്കണമെന്നും ബൈഡൻ പോറോഷെങ്കോയുമായി നടത്തിയ സംഭാഷണത്തിൽ വ്യക്‌തമാക്കിയതായി വൈറ്റ്ഹൗസ് പ്രസ്താവനയിലൂടെ അറിയിച്ചു.


റഷ്യൻ അനുകൂല വിഘടനവാദികൾ 500 ചെറുപീരങ്കികൾ ഉപയോഗിച്ച് 300ഓളം ഷെല്ലുകൾ വർഷിച്ചതായി യുക്രെയ്ൻ അധികൃതർ അറിയിച്ചു. വ്യാഴാഴ്ച നടന്ന ആക്രമണത്തിൽ മൂന്ന് യുക്രെയ്ൻ സൈനികർ കൊല്ലപ്പെടുകയും ആറ് സൈനികർക്കു പരിക്കേൽക്കുകയും ചെയ്തു. ഇതിനുപിന്നാലെ, ആക്രമണം തുടർന്നാൽ യുക്രെയ്ൻ നോക്കിയിരിക്കില്ലെന്നു പോറോഷെങ്കോ വ്യക്‌തമാക്കി.

എന്നാൽ, ക്രിമിയയോടു ചേർന്നുള്ള പ്രദേശത്ത് യുക്രെയ്ൻ സൈന്യവും ഇന്റലിജൻസും അശാന്തി സൃഷ്‌ടിക്കുകയാണെന്നാണ് റഷ്യയുടെ ഭാഷ്യം.

യുക്രെയ്നിനെ ആക്രമിച്ച് ക്രിമിയയെ സ്വന്തമാക്കുകയും കിഴക്കൻ യുക്രെയ്നിൽ വിഘടനവാദികൾക്കു പിന്തുണ നല്കുകയും ചെയ്ത റഷ്യക്കുമേൽ കഴിഞ്ഞ രണ്ടു വർഷമായി അമേരിക്കയും യൂറോപ്യൻ യൂണിയനും ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.