റഷ്യക്കെതിരേയുള്ള ഉപരോധം പിൻവലിക്കില്ലെന്നു മെർക്കൽ
റഷ്യക്കെതിരേയുള്ള ഉപരോധം പിൻവലിക്കില്ലെന്നു മെർക്കൽ
Friday, August 19, 2016 12:07 PM IST
ബർലിൻ: റഷ്യക്ക് എതിരേയുള്ള ഉപരോധം പിൻവലിക്കാനുള്ള സാഹചര്യം ഇപ്പോഴില്ലെന്നു ജർമൻ ചാൻസലർ ആംഗല മെർക്കൽ. 2014ൽ ക്രിമിയയെ റഷ്യയോടു കൂട്ടിച്ചേർക്കുകയും കിഴക്കൻ യുക്രെയിനിലെ വിഘടനവാദികളെ പിന്തുണയ്ക്കുകയും ചെയ്തതു മുഖേന വൻ പ്രതിസന്ധിയാണു പുടിൻ സൃഷ്‌ടിച്ചതെന്ന് അവർ ആർഎൻഡിക്ക് അനുവദിച്ച അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി.

മിൻസ്ക് സമാധാന ഉടമ്പടി നടപ്പാക്കുന്നതിനുള്ള പദ്ധതികളൊന്നും റഷ്യ സ്വീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ റഷ്യക്ക് എതിരേ യൂറോപ്യൻ യൂണിയൻ ഏർപ്പെടുത്തിയ ഉപരോധം പിൻവലിക്കാനാവില്ല.

മിൻസ്കിൽ ഒപ്പുവച്ച വെടിനിർത്തൽ കരാർ പാലിക്കാൻ യുക്രെയിനോടും റഷ്യയോടും അഭ്യർഥിക്കാൻ താനും ഫ്രഞ്ച് പ്രസിഡന്റ് ഒളാന്ദും തീരുമാനിച്ചിട്ടുണ്ട്. കരാർ വ്യവസ്‌ഥകൾ നടപ്പാക്കാതെ ഉപരോധം റദ്ദാക്കാനാവില്ല. ഊർജ, സാമ്പത്തിക, പ്രതിരോധ മേഖലകളിലേക്കുകൂടി ജനുവരിവരെ ഉപരോധം വ്യാപിപ്പിക്കാൻ ജൂണിൽ ഇയു ധാരണയിലെത്തിയിട്ടുണ്ട്.


ഇതേസമയം മെർക്കലിന്റെ വിദേശമന്ത്രിയായ ഫ്രാങ്ക് വാൾട്ടർ സ്റ്റെയിൻമറും സോഷ്യൽ ഡെമോക്രാറ്റ് നേതാക്കളും കുറച്ചുകൂടി മയമുള്ള നിലപാടാണു റഷ്യയുടെ കാര്യത്തിൽ സ്വീകരിച്ചിട്ടുള്ളത്. സമാധാന പ്രക്രിയയിൽ പുരോഗതിയുണ്ടെങ്കിൽ ഉപരോധം കുറച്ചുകൊണ്ടുവരണമെന്നാണ് അവരുടെ നിർദേശം.ഇതിനിടെ ഇന്നലെ മിന്നൽ സന്ദർശനത്തിനു ക്രിമിയയിലെത്തിയ റഷ്യൻ പ്രസിഡന്റ് പുടിൻ സമാധാനപ്രക്രിയയ്ക്കു തുരങ്കം വയ്ക്കുന്നതു യുക്രെയിനാണെന്ന് ആരോപിച്ചു. മിൻസ്ക് കരാർ അട്ടിമറിക്കുന്നതിനായി ക്രിമിയയിലേക്ക് ഭീകരാക്രമണത്തിനു യുക്രെയ്ൻ ഏജന്റുമാരെ അയയ്ക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഭീകരാക്രമണം തടയുന്നതിനുള്ള ശ്രമത്തിൽ ഒരു റഷ്യൻ ഏജന്റും സൈനികനും കൊല്ലപ്പെട്ടു.ഇപ്രകാരമാണെങ്കിലും കീവുമായി നയതന്ത്ര ബന്ധം വിച്ഛേദിക്കാൻ റഷ്യ ഉദ്ദേശിക്കുന്നില്ലെന്നു പുടിൻ വ്യക്‌തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.