ഒമാനിൽ മലയാളി നഴ്സ് കൊല്ലപ്പെട്ട കേസ്: കസ്റ്റഡിയിലായിരുന്ന ഭർത്താവ് മോചിതനായി
ഒമാനിൽ മലയാളി നഴ്സ് കൊല്ലപ്പെട്ട കേസ്: കസ്റ്റഡിയിലായിരുന്ന ഭർത്താവ് മോചിതനായി
Wednesday, August 17, 2016 12:20 PM IST
മസ്കറ്റ്: നാലു മാസം മുമ്പ് ഒമാനിലെ സലാലയിൽ കൊല ചെയ്യപ്പെട്ട മലയാളി നഴ്സ് ചിക്കു റോബർട്ടിന്റെ മരണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായിരുന്ന ഭർത്താവ് ചങ്ങനാശേരി മാടപ്പള്ളി സ്വദേശി ലിൻസൺ മോചിതനായി. മൂന്നുമാസത്തിലധികം തടവിൽ കഴിഞ്ഞ ലിൻസണെ ഇന്നലെ രാവിലെയാണു വിട്ടയച്ചത്. ലിൻസണെതിരേ കുറ്റമൊന്നും ചുമത്തിയിരുന്നില്ല. മോചനം സംബന്ധിച്ച റിപ്പോർട്ടുകൾ ബദർ അൽസമ ചീഫ് മാർക്കറ്റിംഗ് ഓഫീസറും മലയാളിയുമായ കെ.ഒ. ദേവസി സ്‌ഥിരീകരിച്ചു.

ഇരുനൂറോളം പേരെ ചോദ്യം ചെയ്ത കേസിൽ പാക്കിസ്‌ഥാനികൾ ഉൾപ്പെടെ ഏതാനും പേരെ കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും തെളിവുകളുടെ അഭാവത്തിൽ പിന്നീട് വിട്ടയയ്ക്കുകയായിരുന്നു. റോയൽ ഒമാൻ പോലീസ് കസ്റ്റഡിയിലായിരുന്ന ലിൻസനു ഭാര്യയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുവാൻ പോലും സാധിച്ചില്ല. കസ്റ്റഡിയിൽനിന്നു മോചിതനായ ലിൻസന്റെ പാസ്പോർട്ടും മറ്റു രേഖകളും ശരിയാകുന്ന മുറയ്ക്ക് നാട്ടിലെത്താൻ സാധിക്കുമെന്നു ബന്ധുക്കൾ അറിയിച്ചു. ഏപ്രിൽ 20നാണ് ചിക്കുവിനെ താമസസ്‌ഥലത്ത് കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. ഒമാനിലെ സ്വകാര്യ ആശുപത്രി ഗ്രൂപ്പായ ബദർ അൽസമയുടെ സലാല ശാഖയിലെ ജീവനക്കാരായിരുന്നു ചിക്കുവും ഭർത്താവ് ലിൻസണും.


ജോലി സമയമായിട്ടും ചിക്കുവിനെ കാണാതെ വന്നതോടെ ലിൻസൺ മൊബൈലിലേക്കു വിളിച്ചു. പ്രതികരിക്കാതെ വന്നതോടെ ആശുപത്രിയിൽനിന്നു താമസസ്‌ഥലത്ത് എത്തിയ ലിൻസനാണു മൃതദേഹം ആദ്യം കണ്ടത്. തുടർന്നു വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. അങ്കമാലി കറുകുറ്റി സ്വദേശിനിയാണു ചിക്കു. മരിക്കുമ്പോൾ നാലു മാസം ഗർഭിണിയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.