അണ്വായുധങ്ങളുടെ ചുമതല ട്രംപിനെ ഏല്പിക്കാൻ പറ്റില്ലെന്നു ഹില്ലരി
അണ്വായുധങ്ങളുടെ ചുമതല ട്രംപിനെ ഏല്പിക്കാൻ പറ്റില്ലെന്നു ഹില്ലരി
Friday, July 29, 2016 12:11 PM IST
ഫിലഡൽഫിയ: പെട്ടെന്നു പ്രകോപിതനാവുന്ന ഡൊണാൾഡ് ട്രംപിനെ യുഎസ് അണ്വായുധശേഖരത്തിന്റെ ചുമതല വിശ്വസിച്ച് ഏല്പിക്കാനാവില്ലെന്നു ഹില്ലരി ക്ലിന്റൺ.

വൈറ്റ്ഹൗസിലേക്കുള്ള മത്സരത്തിൽ ഡെമോക്രാറ്റിക് പാർട്ടി ടിക്കറ്റ് ലഭിച്ച ഹില്ലരി സ്‌ഥാനാർഥിത്വം സ്വീകരിച്ച് ഫിലഡൽഫിയയിലെ പാർട്ടി കൺവൻഷന്റെ സമാപനത്തിൽ നടത്തിയ പ്രസംഗത്തിലാണ് ഇക്കാര്യം പറഞ്ഞത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പ്രമുഖ പാർട്ടിയുടെ ടിക്കറ്റ് ലഭിക്കുന്ന ആദ്യ വനിതാ സ്‌ഥാനാർഥിയായി ചരിത്രം കുറിച്ച ഹില്ലരി അനൈക്യം വിതയ്ക്കുന്ന ശക്‌തികൾക്ക് എതിരേ മുന്നറിയിപ്പു നൽകി. വിനയത്തോടും ദൃഢനിശ്ചയത്തോടും ഏറെ ആത്മവിശ്വാസത്തോടും കൂടെയാണു പാർട്ടി നൽകിയ നോമിനേഷൻ സ്വീകരിക്കുന്നതെന്ന് അവർ വ്യക്‌തമാക്കി. എല്ലാവർക്കും തൊഴിൽ നൽകുന്ന സമ്പദ്വ്യവസ്‌ഥ കെട്ടിപ്പടുക്കാൻ ശ്രമിക്കും. വിദ്വേഷത്തിനു പകരം സ്നേഹം വിജയിക്കുന്ന അവസ്‌ഥയുണ്ടാവണം. എതിരാളിയായ റിപ്പബ്ളിക്കൻ സ്‌ഥാനാർഥി ട്രംപിനെതിരേ നിശിത വിമർശനമാണു ഹില്ലരി നടത്തിയത്.

സ്വന്തം തൊഴിലാളികളെ ചൂഷണം ചെയ്ത് സമ്പത്തു വാരിക്കൂട്ടിയ ചെറിയ മനുഷ്യനാണു ട്രംപ്. ജനങ്ങളിൽ ഭീതി പരത്തി നേട്ടമുണ്ടാക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. രാജ്യത്തിന്റെ കമാൻഡർ ഇൻ ചീഫ് ആകാനുള്ള പക്വത ട്രംപിനില്ല. ചെറിയ കാര്യങ്ങളിൽ പോലും പ്രകോപിതനാവുന്ന അദ്ദേഹത്തിന് ഓവൽ ഓഫീസിൽ എങ്ങനെ പ്രവർത്തിക്കാനാവും. ഒരു ട്വിറ്റർ സന്ദേശം കണ്ടാലുടൻ സമനില തെറ്റുന്ന ഒരാളെ വിശ്വസിച്ച് അണ്വായുധങ്ങളുടെ ചുമതല ഏല്പിക്കാനാവുമോ–ഹില്ലരി ചോദിച്ചു.


ഐഎസിനെക്കുറിച്ച് സൈനിക ജനറൽമാരേക്കാൾ കൂടുതൽ വിവരമുണ്ടെന്നാണു ട്രംപിന്റെ ഭാവം. ഇല്ല, ഡൊണാൾഡ് നിങ്ങൾക്ക് അറിയില്ല–ഹില്ലരി തറപ്പിച്ചു പറഞ്ഞു. അമേരിക്കക്കാരെ ഭിന്നിപ്പിക്കാനും ഭാവിയെക്കുറിച്ചു ഭയം വളർത്താനുമാണു ട്രംപിന്റെ ശ്രമമെന്നും അവർ കുറ്റപ്പെടുത്തി.

തോക്കുലോബിയെ അനുകൂലിക്കുന്ന ട്രംപിന്റെ നയത്തെയും ഹില്ലരി വിമർശിച്ചു. രാജ്യത്തിന്റെ സുരക്ഷ ആഗ്രഹിക്കുന്ന ആർക്കും തോക്കുലോബിയുടെ പോക്കറ്റിലുള്ള ഒരു പ്രസിഡന്റിനെ സഹിക്കാനാവില്ല.

ട്രംപിന്റെ പക്കൽ ചില മുദ്രാവാക്യങ്ങളേ ഉള്ളു. ജനങ്ങളുടെ സ്‌ഥിതി മെച്ചപ്പെടുത്തുന്നതിനുള്ള വ്യക്‌തമായ പദ്ധതിയുമായാണു ഡെമോക്രാറ്റിക് പാർട്ടി മത്സരരംഗത്തിറങ്ങിയിട്ടുള്ളത്. യുഎസിന്റെ സമ്പദ്വ്യവസ്‌ഥയ്ക്കായി വിയർപ്പൊഴുക്കിയ കുടിയേറ്റക്കാർക്കു പൗരത്വം ഉറപ്പാക്കുന്ന വിധത്തിൽ സമഗ്ര കുടിയേറ്റ നിയമ പരിഷ്കാരം കൊണ്ടുവരുമെന്നും ഹില്ലരി ഉറപ്പു നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.