ഐഎസ് ആക്രമണം: സിറിയയിൽ 50 മരണം
ഐഎസ് ആക്രമണം: സിറിയയിൽ 50 മരണം
Wednesday, July 27, 2016 12:13 PM IST
ബെയ്റൂട്ട്: തുർക്കി അതിർത്തിക്കു സമീപമുള്ള സിറിയൻ നഗരമായ ഖാമിഷ്ലിയിൽ ഐഎസ് ഭീകരർ നടത്തിയ രണ്ടു സ്ഫോടനങ്ങളിൽ കുറഞ്ഞത് 50 പേർ കൊല്ലപ്പെട്ടു.

170 പേർക്കു പരിക്കേറ്റു.മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കുർദ് വംശജർക്കു പ്രാമുഖ്യമുള്ള നഗരമാണു ഹസാക്ക പ്രവിശ്യയിലെ ഖാമിഷ്ലി.

കുർദിഷ് സെക്യൂരിറ്റി ഹെഡ്ക്വാർട്ടേഴ്സും ഭരണ കേന്ദ്രവും സ്‌ഥിതിചെയ്യുന്ന മേഖലയിലാണ് ആക്രമണം നടന്നത്. സ്ഫോടകവസ്തുക്കൾ നിറച്ച ട്രക്ക് സ്ഫോടനത്തിൽ തകർത്തായിരുന്നു ആദ്യ ആക്രമണം. രണ്ടാമത്തെ ആക്രമണത്തിൽ സ്ഫോടകവസ്തുക്കൾ ഉള്ള ബൈക്കാണുപയോഗിച്ചത്.


കുർദിഷ് സൈനികരെയാണു തങ്ങൾ ഉന്നംവച്ചതെന്ന് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു പുറപ്പെടുവിച്ച പ്രസ്താവനയിൽ ഐഎസ് വ്യക്‌തമാക്കി. ഐഎസുമായി ബന്ധമുള്ള അമാക് വാർത്താ ഏജൻസിയാണു പ്രസ്താവന പ്രസിദ്ധീകരിച്ചത്.

കുർദിഷ് പോരാളികൾ ഉൾപ്പെടുന്ന സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സസ്(എസ്ഡിഎഫ്)വടക്കൻ സിറിയയിൽ ഐഎസുമായി നിരന്തര പോരാട്ടത്തിലാണ്. അമേരിക്കയുടെ പിന്തുണയും ഈ സേനാവിഭാഗത്തിനുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.