ഫ്ളോറിഡ നൈറ്റ്ക്ലബ്ബിൽ വെടിവയ്പ്: രണ്ടു മരണം
ഫ്ളോറിഡ നൈറ്റ്ക്ലബ്ബിൽ വെടിവയ്പ്: രണ്ടു മരണം
Monday, July 25, 2016 11:34 AM IST
വാഷിംഗ്ടൺ: ഫ്ളോറിഡയിലെ ഫോർട്ട്മയേഴ്സിലെ നൈറ്റ്ക്ലബിൽ കഴിഞ്ഞദിവസമുണ്ടായ വെടിവയ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു. 17 പേർക്കു പരിക്കേറ്റു.ക്ലബ് ബ്ലൂവിലെ സത്കാരത്തിൽ പങ്കെടുത്തു തിരിച്ചുപോകാൻ തുടങ്ങിയ കൗമാരപ്രായക്കാർക്കു നേർക്കാണു പുറത്തുനിന്നെത്തിയ അക്രമി വെടിയുതിർത്തത്. രാത്രി 12.30നുശേഷമായിരുന്നു സംഭവം.

കുട്ടികളെ തിരികെ കൊണ്ടുപോകാൻ രക്ഷിതാക്കളും ക്ലബിൽ എത്തിയിരുന്നു. ക്ലബിന്റെ പാർക്കിംഗ് മേഖലയിൽ നടന്ന വെടിവയ്പിൽ പരിക്കേറ്റവർ എല്ലാവരും 12നും 27നും ഇടയ്ക്കു പ്രായമുള്ളവരാണെന്ന് ഇവരെ പ്രവേശിപ്പിച്ച ആശുപത്രിയുടെ വക്‌താവ് അറിയിച്ചു. ചിലരുടെ നില ഗുരുതരമാണ്. വെടിവയ്പുമായി ബന്ധപ്പെട്ടു മൂന്നു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മരിച്ചവരുടെയും പരിക്കേറ്റവരുടെയും പേരുകൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. ഫ്ളോറിഡയിൽ ഒന്നരമാസത്തിനകം നൈറ്റ്ക്ലബിൽ നടക്കുന്ന രണ്ടാമത്തെ കൂട്ടക്കൊലയാണിത്.


ജൂൺ 12ന് ഒർലാൻഡോ നൈറ്റ് ക്ലബിൽ തോക്കുധാരി നടത്തിയ വെടിവയ്പിൽ 49 പേർക്കു ജീവഹാനി നേരിട്ടു. ആക്രമണം നടത്തിയ അഫ്ഗാൻ സ്വദേശിയായ യുഎസ് പൗരൻ ഒമർ മതീനെ(29) മൂന്നു മണിക്കൂറിനുശേഷം പോലീസ് വെടിവച്ചുകൊല്ലുകയായിരുന്നു.

യുഎസിൽ തോക്കുനിയന്ത്രണം കൊണ്ടുവരുന്നതു സംബന്ധിച്ച ചർച്ചകൾ ഇതെത്തുടർന്നു സജീവമായിട്ടുണ്ട്. തോക്കുനിയന്ത്രണത്തിന് നേരത്തെ ഒബാമ ഭരണകൂടം കൊണ്ടുവന്ന ബിൽ റിപ്പബ്ളിക്കന്മാർക്കു ഭൂരിപക്ഷമുള്ള സെനറ്റ് തള്ളിക്കളയുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.