യുഎൻ സെക്രട്ടറി ജനറൽ: ഗുട്ടെറസ് മുന്നിൽ
യുഎൻ സെക്രട്ടറി ജനറൽ: ഗുട്ടെറസ് മുന്നിൽ
Friday, July 22, 2016 12:12 PM IST
യുണൈറ്റഡ്: നേഷൻസ് യുഎൻ സെക്രട്ടറി ജനറൽ ബാൻ കി മൂണിന്റെ പിൻഗാമിയെ കണ്ടെത്തുന്നതിനുള്ള ആദ്യ രഹസ്യവോട്ടെടുപ്പിൽ പോർച്ചുഗീസ് മുൻ പ്രധാനമന്ത്രി അന്റോണിയോ ഗുട്ടെറസ് മുന്നിലെത്തി.

രക്ഷാസമിതിയിലെ 15 സ്‌ഥാനപതിമാരാണു വോട്ടെടുപ്പു നടത്തിയത്. ഇത്തവണ ഒരു വനിത സെക്രട്ടറി ജനറലാവുമെന്നു പരക്കെ പ്രതീക്ഷയുണ്ടായിരുന്നു. അതിനിടയിലാണ് ആദ്യ റിസൽട്ട് പുറത്തുവന്നിരിക്കുന്നത്.

1995മുതൽ 2002വരെ പോർച്ചുഗീസ് പ്രധാനമന്ത്രിയായിരുന്ന ഗുട്ടെറസ് പിന്നീട് അഭയാർഥികൾക്കായുള്ള യുഎൻ ഹൈക്കമ്മീഷണറായി പ്രവർത്തിച്ചു. 67കാരനായ ഗുട്ടെറസിന് പോർച്ചുഗീസ്, സ്പാനിഷ്, ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകളിൽ പ്രാവീണ്യമുണ്ട്.

സ്ലോവേനിയയുടെ മുൻ പ്രസിഡന്റ് ഡാനിലോ ടുർക്കിനാണു രണ്ടാംസ്‌ഥാനം. ബൾഗേറിയയുടെ ഐറിനാ ബെക്കോവ മൂന്നാം സ്‌ഥാനവും മാസിഡോണിയയുടെ മുൻ വിദേശമന്ത്രി സ്റിജാൻ കെരിം നാലാം സ്‌ഥാനവും നേടി. മുൻ ന്യൂസിലൻഡ് പ്രധാനമന്ത്രി ഹെലൻ ക്ലാർക്ക്, സ്ലോവാക് വിദേശമന്ത്രി മിറോസ്ലാവ് ലജാക്, അർജന്റിനയുടെ വിദേശമന്ത്രി സുസന്ന മൽക്കോറ എന്നിവർക്കാണു തൊട്ടടുത്ത സ്‌ഥാനങ്ങൾ.

വരുംനാളുകളിൽ കൂടുതൽ അനൗപചാരിക വോട്ടെടുപ്പുകൾ നടത്തും. എല്ലാവർക്കും യോജിപ്പുള്ള സ്‌ഥാനാർഥിയെ കണ്ടെത്തിയശേഷം ജനറൽ അസംബ്ലിയിലും വോട്ടെടുപ്പു നടത്തും. തെരഞ്ഞെടുക്കപ്പെടുന്ന നേതാവ് ബാൻ കി മൂണിന്റെ പിൻഗാമിയായി അടുത്ത ജനുവരിയിൽ ചുമതലയേൽക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.