റിപ്പബ്ളിക്കൻ സ്‌ഥാനാർഥിയായി ട്രംപിനെ പ്രഖ്യാപിച്ചു
റിപ്പബ്ളിക്കൻ സ്‌ഥാനാർഥിയായി ട്രംപിനെ പ്രഖ്യാപിച്ചു
Wednesday, July 20, 2016 12:12 PM IST
ക്ലീവ്ലൻഡ്: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ളിക്കൻ പാർട്ടിയുടെ സ്‌ഥാനാർഥി ഡൊണാൾഡ് ട്രംപാണെന്ന് പാർട്ടി കൺവൻഷൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. വൈസ് പ്രസിഡന്റ് സ്‌ഥാനാർഥിയായി ഇന്ത്യാന ഗവർണർ മൈക്ക് പെൻസിനെ നേരത്തെ ട്രംപ് നിശ്ചയിച്ചിരുന്നു.

കൺവൻഷനിലെ പ്രഖ്യാപനം അറിഞ്ഞശേഷം ന്യൂയോർക്കിലെ ട്രംപ് ടവറിൽനിന്നു നൽകിയ വീഡിയോ സന്ദേശത്തിൽ ഡെലിഗേറ്റുകൾക്ക് ട്രംപ് നന്ദി പറഞ്ഞു. പാർട്ടി ടിക്കറ്റിൽ മത്സരിക്കാൻ അവസരം ലഭിച്ചത് ബഹുമതിയാണ്. മൈക്ക് പെൻസ് മികവുറ്റ വൈസ് പ്രസിഡന്റായിരിക്കുമെന്നും ട്രംപ് പറഞ്ഞു. നോമിനേഷൻ സ്വീകരിച്ചുകൊണ്ടു ട്രംപ് ഇന്ന് കൺവൻഷനിൽ പ്രസംഗിക്കും.

ഐഎസിനെ തുടച്ചുനീക്കുമെന്നും ക്രമസമാധാനനില ഭദ്രമാക്കുമെന്നും തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്നും ട്രംപ് വാഗ്ദാനം ചെയ്തു. അമേരിക്കയെ വീണ്ടും മഹത്തായ രാജ്യമാക്കും.നവംബറിലെ ഇലക്ഷനിൽ തന്റെ വിജയം ഉറപ്പാണെന്നും ട്രംപ് സന്ദേശത്തിൽ വ്യക്‌തമാക്കി.
<ശാഴ െൃര=/ിലംശൊമഴലെ/2016ഷൗഹ്യ21ഠൃൗാുബെീിെ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>
പതിനാറ് എതിരാളികളെ പിന്തള്ളിയാണ് റിയൽ എസ്റ്റേറ്റ് ബിസിനസ് പ്രമുഖനും കോടീശ്വരനും മുൻ റിയാലിറ്റി ടിവി ഷോ താരവുമായ ട്രംപ് റിപ്പബ്ളിക്കൻ ടിക്കറ്റ് കരസ്‌ഥമാക്കിയത്. രാഷ്ട്രീയ, ഭരണ പരിചയമില്ലാത്ത ട്രംപ് 13 മാസംമുമ്പ് മത്സരരംഗത്തിറങ്ങുമ്പോൾ എല്ലാവരും അദ്ദേഹത്തെ എഴുതിത്തള്ളിയതാണ്. എന്നാൽ, പ്രൈമറികളിൽ ഉജ്വല വിജയം നേടി ട്രംപ് മുൻനിരയിലെത്തിയതോടെ എതിരാളികൾ ഓരോരുത്തരായി പിന്മാറി. തിങ്കളാഴ്ച ക്ലീവ്ലൻഡിൽ ആരംഭിച്ച ചതുർദിന പാർട്ടി കൺവൻഷന്റെ ആദ്യദിനത്തിലും ട്രംപിനെതിരേ ചില പാർട്ടിക്കാർ ബഹളമുണ്ടാക്കി. ചട്ടങ്ങളിൽ ഭേദഗതി വരുത്തി ട്രംപിന്റെ നോമിനേഷൻ തടയാനുള്ള എതിരാളികളുടെ നീക്കം വിജയിച്ചില്ല.


മുസ്ലിംകൾക്കു രാജ്യത്തു പ്രവേശനം താത്കാലികമായി വിലക്കണമെന്നും മെക്സിക്കോയിൽനിന്നുള്ള കുടിയേറ്റം തടയാൻ അതിർത്തിയിൽ മതിൽ കെട്ടണമെന്നുമുള്ള ട്രംപിന്റെ പ്രസ്താവനകൾ വൻ എതിർപ്പു ക്ഷണിച്ചുവരുത്തി. ബ്രെക്സിറ്റിനെ അനുകൂലിച്ചു ട്രംപ് നടത്തിയ പ്രസ്താവനയും വിവാദമായി. എന്നാൽ പാർട്ടി ഡെലിഗേറ്റുകളിൽ ഭൂരിപക്ഷത്തിന്റെയും പിന്തുണ സമാഹരിക്കാനായ ട്രംപിനെ തടയാൻ ആർക്കും സാധിച്ചില്ല.

കൺവൻഷന്റെ രണ്ടാംദിനമായ ചൊവ്വാഴ്ച ട്രംപിന്റെ മൂത്തപുത്രൻ ഡൊണാൾഡ് ജൂണിയറാണ് റോൾകോളിൽ ന്യൂയോർക്ക് ഡെലിഗേറ്റുകളുടെ പിന്തുണ പ്രഖ്യാപിച്ചതും നോമിനേഷന് ആവശ്യമായ 1237 ഡെലിഗേറ്റുകൾ തികഞ്ഞെന്നും പ്രഖ്യാപിച്ചത്. ട്രംപിനെ പിന്തുണയ്ക്കുന്ന മൊത്തം ഡെലിഗേറ്റുകളുടെ എണ്ണം 1725 ആണ്. ഡാഡി അഭിനന്ദനം. ഞങ്ങൾ അങ്ങയെ സ്നേഹിക്കുന്നു–ജൂണിയർ ട്രംപ് പറഞ്ഞു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.