മെലാനിയ ട്രംപ് മിഷേലിന്റെ പ്രസംഗം കോപ്പിയടിച്ചെന്ന്
മെലാനിയ ട്രംപ് മിഷേലിന്റെ പ്രസംഗം കോപ്പിയടിച്ചെന്ന്
Tuesday, July 19, 2016 11:58 AM IST
ക്ലീവ്ലൻഡ്: ഡൊണാൾഡ് ട്രംപിനെ പ്രസിഡന്റ് സ്‌ഥാനാർഥിയായി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനുള്ള ചതുർദിന റിപ്പബ്ലിക്കൻ കൺവൻഷൻ ക്ലീവ്ലൻഡിൽ ആരംഭിച്ചു. കൺവൻഷന്റെ ആദ്യദിനമായ തിങ്കളാഴ്ച ട്രംപിന്റെ ഭാര്യ നടത്തിയ പ്രസംഗം 2008ൽ പ്രസിഡന്റ് ഒബാമയുടെ ഭാര്യ മിഷേൽ നടത്തിയ പ്രസംഗത്തെ അനുസ്മരിപ്പിച്ചു. മിഷേലിന്റെ പ്രസംഗത്തിന്റെ ചില ഭാഗങ്ങൾ മെലാനിയ കോപ്പിയടിച്ചുവെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. പ്രസംഗം എഴുതിക്കൊടുത്തവർ മിഷേലിന്റെ പ്രസംഗത്തിലെ ചില ശൈലികൾ കടം എടുത്തിരിക്കാമെന്നു ട്രംപിന്റെ പ്രചാരണവിഭാഗം പറഞ്ഞു.

അമേരിക്കക്കാരെ ട്രംപ് ഒരിക്കലും കൈവിടില്ലെന്നും അദ്ദേഹത്തെ വിശ്വസിക്കാമെന്നും മെലാനിയ പറഞ്ഞു. ഏതു പദ്ധതിയുടെയും വിജയത്തിന് അങ്ങേയറ്റം ശ്രമിക്കുന്നയാളാണു ട്രംപെന്നും അമേരിക്കയ്ക്കുവേണ്ടി പോരാടുന്ന ഒരാളെയാണ് ആഗ്രഹിക്കുന്നതെങ്കിൽ ധൈര്യപൂർവം ട്രംപിനെ തെരഞ്ഞെടുക്കാമെന്നും മെലാനിയ പറഞ്ഞു. കുടുംബത്തോടും സുഹൃത്തുക്കളോടും തൊഴിലാളികളോടും രാജ്യത്തോടും പ്രതിബദ്ധതയുള്ളയാളാണു ട്രംപ്.


പ്രചാരണവേളയിൽ ഒട്ടേറെ വിവാദ പ്രസ്താവനകൾ നടത്തിയ ട്രംപിനു പുതിയ പരിവേഷം നൽകാൻ മെലാനിയയുടെ പ്രസംഗം ഉപകരിച്ചെന്നാണു വിലയിരുത്തൽ.

സ്ലോവേനിയയിൽനിന്ന് യുഎസിൽ കുടിയേറിയ കുടുംബത്തിലെ അംഗമായ മെലാനിയ ആഭരണ ഡിസൈനറും മുൻ ഫാഷൻ മോഡലുമാണ്.

ട്രംപിന്റെ നോമിനേഷൻ തടയാൻ ട്രംപ് വിരുദ്ധർ കൺവൻഷന്റെ പ്രഥമദിനത്തിൽ നടത്തിയ ശ്രമം പരാജയപ്പെട്ടു. ട്രംപിനെതിരേ ആവശ്യമെങ്കിൽ വോട്ടു ചെയ്യാൻ ഡെലിഗേറ്റുകളെ അനുവദിക്കുന്ന തരത്തിൽ ചട്ടങ്ങൾ ഭേദഗതി ചെയ്യണമെന്ന വിമതരുടെ ആവശ്യം ശബ്ദവോട്ടോടെ തള്ളി. ഏതാനും പേർ വാക്കൗട്ടു നടത്തി.

പതിവുതെറ്റിച്ച് ആദ്യദിനം തന്നെ ട്രംപ് വേദിയിലെത്തുകയും ഭാര്യയെ സദസിനു പരിചയപ്പെടുത്തുകയും ചെയ്തു. ട്രംപ് അനുകൂലികൾ ഹർഷാരവം മുഴക്കി. നവംബറിലെ തെരഞ്ഞെടുപ്പിൽ റിപ്പബ്ളിക്കൻ പാർട്ടിയും താനും വൻവിജയം നേടുമെന്ന് അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.