എർദോഗനെ പിടികൂടാൻ അട്ടിമറിക്കാർ ഹെലികോപ്റ്റർ അയച്ചിരുന്നു
എർദോഗനെ പിടികൂടാൻ അട്ടിമറിക്കാർ  ഹെലികോപ്റ്റർ അയച്ചിരുന്നു
Monday, July 18, 2016 12:04 PM IST
ഈസ്റ്റാംബൂൾ: തുർക്കിയിൽ വെള്ളിയാഴ്ച രാത്രി നടന്ന സൈനിക അട്ടിമറിനീക്കത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. പ്രസിഡന്റ് എർദോഗനെ അറസ്റ്റു ചെയ്യുകയോ വധിക്കുകയോ ചെയ്യണമെന്നു നിർദേശിച്ച് അട്ടിമറിക്കാർ ഹെലികോപ്റ്ററിൽ പ്രത്യേക സൈനിക യൂണിറ്റിനെ അയച്ചിരുന്നുവെന്ന് തുർക്കി പത്രം ഹൂറിയത്ത് റിപ്പോർട്ടു ചെയ്തു.

അട്ടിമറിക്കു ശ്രമം നടക്കുമ്പോൾ എർദോഗൻ തെക്കുപടിഞ്ഞാറൻ തുർക്കിയിലെ സുഖവാസകേന്ദ്രമായ മർമാരിസിലെ ഹോട്ടലിൽ ഒഴിവുകാലം ചെലവഴിക്കുകയായിരുന്നു. എർദോഗന്റെ വിശ്വസ്തനായ ഫസ്റ്റ് ആർമി കമാൻഡർ ഉമിത്ഡൻഡറാണ് അട്ടിമറി നീക്കം നടക്കുന്ന വാർത്ത അദ്ദേഹത്തെ അറിയിച്ചത്. ഇതുമൂലം അട്ടിമറിക്കാർ അയച്ച സൈനികർ എത്തുന്നതിന് അരമണിക്കൂർമുമ്പ് അദ്ദേഹത്തിനു ഹോട്ടലിൽനിന്നു രക്ഷപ്പെടാനായി.


മൂന്നു ഹെലികോപ്റ്ററുകളാണ് മർമാരിസിലേക്ക് അയച്ചത്. പ്രത്യേക പരിശീലനം സിദ്ധിച്ച 40 സൈനികരാണ് ഇവയിലുണ്ടായിരുന്നത്. എർദോഗനെ ജീവനോടെയോ അല്ലാതെയോ പിടികൂടാനായിരുന്നു ഇവർക്കു നൽകിയ നിർദേശം. ഒരു ഹെലികോപ്റ്റർ തകർന്നു. പ്രസിഡന്റിന്റെ അംഗരക്ഷകർ ഹെലികോപ്റ്ററിലെത്തിയ സൈനികരുമായി ഏറ്റുമുട്ടി. മിക്കവരും പലായനം ചെയ്തു.ഹോട്ടലിൽനിന്നു രക്ഷപ്പെട്ട് ഈസ്റ്റാംബൂളിലെത്തിയ പ്രസിഡന്റ് എർദോഗൻ തന്റെ അനുയായികളോട് സർക്കാരിന്റെ രക്ഷയ്ക്കെത്താൻ ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് ആയിരങ്ങൾ തെരുവിലിറങ്ങുകയും അട്ടിമറിക്കാരെ തുരത്തിയോടിക്കുകയുമായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.