പാക് മോഡലിനെ കൊലപ്പെടുത്തിയ കേസിൽ സഹോദരൻ അറസ്റ്റിൽ
പാക് മോഡലിനെ കൊലപ്പെടുത്തിയ കേസിൽ സഹോദരൻ അറസ്റ്റിൽ
Sunday, July 17, 2016 11:20 AM IST
ഇസ്ലാമാബാദ്: പാക് മോഡലും സോഷ്യൽമീഡിയയിലെ താരവുമായ കൻഡീൽ ബലോചിനെ(26) കൊലപ്പെടുത്തിയ കേസിൽ ഇളയ സഹോദരൻ വസീമിനെ(25) ശനിയാഴ്ച അർധരാത്രി ദേര ഖാസി ഖാനിൽനിന്നു പോലീസ് പിടികൂടി. സോഷ്യൽമീഡിയയിൽ കൻഡീൽ പോസ്റ്റ് ചെയ്ത ഫോട്ടോകളും വീഡിയോകളുമാണ് തന്നെ കൊലപാതകത്തിനു പ്രേരിപ്പിച്ചതെന്നു വസീം പറഞ്ഞു. ഗുളിക കൊടുത്തു മയക്കിയശേഷം ശ്വാസംമുട്ടിച്ചാണു കൊന്നതെന്നു പത്രസമ്മേളനത്തിൽ വസീം പറഞ്ഞു.

മുൾട്ടാനിലെ കരീമാബാദിൽ കുടുംബത്തിനൊപ്പം ഈദ് ആഘോഷിക്കാനെത്തിയതായിരുന്നു കൻഡീൽ. കഴിഞ്ഞ മാസം മുഫ്തി അബ്ദുൾ ക്വാവിയുമൊത്തുള്ള കൻഡീലിന്റെ സെൽഫി വിവാദമായിരുന്നു. ഇതേത്തുടർന്ന് റൂത്–ഇ–ഹിലാൽ കമ്മിറ്റിയിൽനിന്നു മുഫ്തിയെ പുറത്താക്കിയിരുന്നു. കൻഡീലിന്റേത് ദുരഭിമാനക്കൊലയാണെന്ന് പിതാവ് മുഹമ്മദ് അസീം പറഞ്ഞു. മോഡൽ രംഗത്തുനിന്നു പിന്മാറാൻ കൻഡീലിനു നിരവധി ഭീഷണികൾ വന്നിട്ടുണ്ട്. ഇതേത്തുടർന്ന് കുടുംബത്തിനു സുരക്ഷ നല്കണമെന്നാവശ്യപ്പെട്ട് മൂന്നാഴ്ച മുമ്പ് ആഭ്യന്തരമന്ത്രിക്കും ഫെഡറൽ ഇൻവെസ്റ്റിഗേഷൻ അഥോറിറ്റി ഡയറക്ടർക്കും അപേക്ഷ നല്കിയിരുന്നതായി മുഹമ്മദ് അസീം പറഞ്ഞു. പിതാവിന്റെ പരാതിയിലാണ് വസീം അറസ്റ്റിലാ യത്. കൻഡീൽ ബലോചിന്റെ യഥാർഥ പേര് ഫൗസിയ അസീമെന്നാണ്.


സോഷ്യൽമീഡിയയിൽ സെൽഫി പോസ്റ്റുകളിലൂടെ പ്രശസ്തയായതോടെയാണ് പേരുമാറ്റി കൻഡീൽ ബലോചായി മാറിയത്. തെക്കൻ പഞ്ചാബിലെ ദേരാ ഖാസി ഖാനിൽ ബലോചിന്റെ മൃതദേഹം കബറടക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.