ധാക്കാ ഭീകരാക്രമണം: യൂണിവേഴ്സിറ്റി പ്രഫസർ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ
Sunday, July 17, 2016 11:20 AM IST
ധാക്ക: ബംഗ്ലാദേശിലെ ധാക്കയിൽ 22 പേരുടെ മരണത്തിനിടയാക്കിയ ഹോളി ആർടിസാൻ ബേക്കറി ഭീകരാക്രമണക്കേസിൽ നോർത്ത് സൗത്ത് സ്വകാര്യ യൂണിവേഴ്സിറ്റി ആക്ടിംഗ് പ്രോ–വൈസ് ചാൻസലർ ജിയാസുദീൻ അഹ്സാൻ ഉൾപ്പെടെ മൂന്നു പേർ പിടിയിലായി. അഹ്സാന്റെ മരുമകൻ അലാം ചൗധരി, ഭീകരർക്കു ഫ്ളാറ്റ് വാടകയ്ക്കു കൊടുത്ത മഹ്ബുർ റഹ്മാൻ തുഹിൻ എന്നിവരാണു പിടിയിലായ മറ്റുള്ളവർ.

ഭീകരർക്ക് ഒളിത്താവളമൊരുക്കിയത് ജിയാസുദീനാണെന്ന് ധാക്കാ മെട്രോപൊളീറ്റൻ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ മസുദുർ റഹ്മാൻ പറഞ്ഞു. സ്കൂൾ ഓഫ് ഹെൽത്ത് ആൻഡ് സയൻസസ് വകുപ്പ് ഡീൻ എന്നാണ് യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റിൽ ജിയാസുദീനെക്കുറിച്ചു രേഖപ്പെടുത്തിയിരിക്കുന്നത്.


ജൂലൈ ഒന്നിന് ആക്രമണം നടത്തിയ അഞ്ചു ഭീകരരെ ഏറ്റുമുട്ടലിൽ പോലീസ് വധിച്ചിരുന്നു. ഫ്ളാറ്റിൽനിന്ന് ഗ്രനേഡുകളും മറ്റു സ്ഫോടകവസ്തുക്കളും പോലീസ് കണ്ടെത്തി. വാടകയ്ക്കു താമസിക്കുന്നവരെക്കുറിച്ച് വിവരങ്ങൾ നല്കണമെന്നു കാണിച്ച് ധാക്കാ പോലീസ് മുന്നറിയിപ്പു നല്കിയിരുന്നെങ്കിലും മഹ്ബുർ ഈ വിവരം ഒളിച്ചുവയ്ക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.