ആൽവിൻ ടോഫ്ളർ അന്തരിച്ചു
ആൽവിൻ ടോഫ്ളർ അന്തരിച്ചു
Thursday, June 30, 2016 12:02 PM IST
ലോസ് ആഞ്ചലസ്: കഴിഞ്ഞ നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളിൽ ഏറെ സ്വാധീനം ചെലുത്തിയ എഴുത്തുകാരൻ ആൽവിൻ ടോഫ്ളർ (87) അന്തരിച്ചു. ഫ്യൂച്ചർ ഷോക്ക്, ദ തേഡ് വേവ്, പവർ ഷിഫ്റ്റ് തുടങ്ങിയ ഗ്രന്ഥങ്ങളിലൂടെ വിജ്‌ഞാനസമൂഹത്തിലേക്കുള്ള പരിണാമം പ്രവചിച്ചയാളാണു ടോഫ്ളർ. ക്ലോണിംഗ്, പേഴ്സണൽ കംപ്യൂട്ടർ, ഇന്റർനെറ്റ്, കേബിൾ ടിവി തുടങ്ങിയവ ആശയതലത്തിൽ എത്തുംമുമ്പേ അവയെ ഭാവനയിൽ കണ്ടയാളാണ്. വ്യവസായവത്കരണത്തിനുശേഷം സമൂഹം അറിവിൽ അധിഷ്ഠിതമായ സമൂഹത്തിലേക്കാണു വളരുന്നതെന്നു മുമ്പേ കണ്ട ആളാണദ്ദേഹം.

പോളണ്ടിൽനിന്നുള്ള യഹൂദ കുടിയേറ്റക്കാരുടെ പുത്രനായി ജനിച്ച ആൽവിനും ഭാര്യ ഹൈഡിയും ബിരുദത്തിനുശേഷം കുറേക്കാലം ഒഹായോയിൽ ഫാക്ടറി തൊഴിലാളികളായിരുന്നു. പിന്നീടു മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായി. ദ തേഡ് വേവ് 1980 കളിൽ ചൈനയിൽ ഡെംഗ് സിയാവോ പിംഗിന്റെ കൃതികൾ കഴിഞ്ഞാൽ ഏറ്റവുമധികം വിൽക്കപ്പെട്ടതാണ്. വ്യവസായികളും രാഷ്ട്രീയക്കാരുമൊക്കെ ടോഫ്ളറുടെ ഭാവിസങ്കല്പങ്ങളിൽ ആകൃഷ്‌ടരായി.


ഇന്റർനെറ്റും ഇ–മെയിലും എന്താണെന്ന് അറിയുംമുമ്പാണു ദ തേഡ് വേവിൽ പോസ്റ്റ്മാനും അയാളുടെ ഭാരമേറിയ സഞ്ചിക്കും പകരം ഇലക്ട്രോണിക് മെയിൽ സംവിധാനം വരുമെന്നു ടോഫ്ളർ എഴുതിയത്.

21–ാം നൂറ്റാണ്ടിലെ നിരക്ഷരൻ അക്ഷരം എഴുതാനും വായിക്കാനും അറിയാത്തയാളല്ല, മറിച്ച് പഠിക്കാനും പഠിച്ചത് ഉപേക്ഷിച്ച് വേറെ പഠിക്കാനും അറിയാത്തയാളാണ് എന്ന് 1980–ൽ തന്നെ ടോഫ്ളർ കുറിച്ചു. ഫ്യൂച്ചർ ഷോക്കും തേഡ് വേവും ബെസ്റ്റ് സെല്ലറുകൾ ആയതിനൊപ്പം ആ പ്രയോഗങ്ങൾ സമൂഹത്തിൽ ലബ്ധപ്രതിഷ്ഠ നേടുകയും ചെയ്തു. ഭാര്യ ഹൈഡി അദ്ദേഹത്തിന്റെ 13 ഗ്രന്ഥങ്ങളിൽ പലതിന്റെയും സഹ എഴുത്തുകാരിയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.