ഇയു നേതാക്കളും ഫരാഷും ബ്രസൽസിൽ ഏറ്റുമുട്ടി
ഇയു നേതാക്കളും ഫരാഷും ബ്രസൽസിൽ ഏറ്റുമുട്ടി
Tuesday, June 28, 2016 12:53 PM IST
ബ്രസൽസ്(ബൽജിയം): ബ്രക്സിറ്റിനുവേണ്ടി പ്രചാരണം നടത്തിയ യുകെ ഇൻഡിപ്പെൻഡൻസ് പാർട്ടി നേതാവ് നൈഗൽ ഫരാഷിനെതിരേ ബ്രസൽസിലെ യൂറോപ്യൻ പാർലമെന്റ് സമ്മേളനത്തിൽ രോഷ പ്രകടനം.

യൂറോപ്യൻ യൂണിയനിൽ നിന്നു ബ്രിട്ടൻ പുറത്തുകടക്കണമെന്ന് 17വർഷം മുമ്പ് ഞാൻ ആവശ്യപ്പെട്ടപ്പോൾ നിങ്ങൾ കളിയാക്കി ചിരിച്ചു. ഇപ്പോൾ എന്തുപറയുന്നു?–ഫരാഷിന്റെ ചോദ്യം പാർലമെന്റ് അംഗങ്ങളെ അരിശം കൊള്ളിച്ചു.

ഇയു വല്യേട്ടന്റെ റോൾ കളിക്കുകയാണെന്ന് ആരോപിച്ച ഫരാഷ് കൂടുതൽ രാജ്യങ്ങൾ ബ്രിട്ടന്റെ മാതൃക അനുകരിച്ച് ഇയുവിൽനിന്നു പുറത്തുപോകുമെന്നു പ്രവചിച്ചു.അംഗങ്ങൾ ഫരാഷിനെ കൂവിയിരുത്തി.

എന്തിനാണു താങ്കൾ ഇങ്ങോട്ടുവന്നതെന്ന് യൂറോപ്യൻ കമ്മീഷൻ മേധാവി ഷാൻ ക്ലോഡ് ജുൻകർ ചോദിച്ചു. ബ്രെക്സിറ്റ് വോട്ടെടുപ്പിന്റെ ഫലം ജുൻകർ പാർലമെന്റിൽ പ്രഖ്യാപിച്ചപ്പോൾ ഫരാഷ് കൈയടിച്ചതും ജുൻകറെ പ്രകോപിപ്പിച്ചു. യൂറോപ്യൻ പാർലമെന്റിൽ താങ്കളുടെ ഒടുവിലത്തെ കൈയടിയാണിതെന്നു ജുൻകർ പറഞ്ഞു. ലേശമെങ്കിലും മാന്യതയുണ്ടെങ്കിൽ ബ്രിട്ടീഷ് ജനതയോടു മാപ്പുപറയണമെന്നായിരുന്നു ഫരാഷിന് ജർമൻ പ്രതിനിധി മാൻഫ്രെഡ് വെബർ നൽകിയ ഉപദേശം. എന്നാൽ ബർലിൻ മതിലിന്റെ പതനത്തിനുശേഷം അരങ്ങേറിയ ഏറ്റവും വലിയ സംഭവമാണു ബ്രെക്സിറ്റെന്ന് ഫ്രഞ്ച് തീവ്രവലതുപക്ഷ നേതാവ് മരീ ലെപെൻ പറഞ്ഞു.പാർലമെന്റ്് പ്രതിനിധികളിൽ ഭൂരിപക്ഷവും യൂറോപ്യൻ യൂണിയൻ വിടാനുള്ള ബ്രിട്ടന്റെ തീരുമാനത്തിൽ ദുഃഖം പ്രകടിപ്പിച്ചു. വിടുതൽ ചർച്ചകൾ വച്ചുതാമസിപ്പിക്കരുതെന്നും മിക്കവരും നിർദേശിച്ചു.ഇതിനിടെ ബ്രക്സിറ്റ് വോട്ടിനുശേഷം ആദ്യമായി യൂറോപ്യൻ യൂണിയൻ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നതിനു പ്രധാനമന്ത്രി കാമറോണും ബ്രസൽസിലെത്തി. ഇന്ന് കാമറോണിനെ ഒഴിവാക്കി മറ്റ് 27 ഇയു നേതാക്കളും സമ്മേളിക്കുന്നതും ഇയുവിന്റെ ഭാവിയെക്കുറിച്ചു ചർച്ച നടത്തുന്നതുമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.