കാമറോണിന്റെ പിൻഗാമി സെപ്റ്റംബറിൽ
കാമറോണിന്റെ പിൻഗാമി സെപ്റ്റംബറിൽ
Tuesday, June 28, 2016 12:53 PM IST
ലണ്ടൻ: ബ്രെക്സിറ്റ് വോട്ടിനെത്തുടർന്നു രാജി പ്രഖ്യാപിച്ച ഡേവിഡ് കാമറോണിനു പകരം പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയെ സെപ്റ്റംബർ ആദ്യം തെരഞ്ഞെടുക്കുമെന്നു കൺസർവേറ്റീവ് പാർട്ടി സൂചന നൽകി. ഒക്ടോബറിൽ സ്‌ഥാനമൊഴിയുമെന്നാണു ബ്രെക്സിറ്റ് ഫലം അറിവായ ഉടൻ കാമറോൺ പ്രഖ്യാപിച്ചത്. എന്നാൽ അതിനു മുമ്പേ പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനാണു നീക്കം.

അടുത്തയാഴ്ച തന്നെ തെരഞ്ഞെടുപ്പു പ്രക്രിയ ആരംഭിക്കുമെന്നും സെപ്റ്റംബർ രണ്ടിനകം നേതാവിനെ നിശ്ചയിക്കുമെന്നും കൺസർവേറ്റീവ് നേതാവ് ഗ്രഹാം ബാർഡി വ്യക്‌തമാക്കി. കാമറോണിന്റെ പിൻഗാമിയാവുമെന്നു നേരത്തെ കരുതപ്പെട്ടിരുന്ന ചാൻസലർ ഓസ്ബോൺ മത്സരത്തിനില്ലെന്നു വ്യക്‌തമാക്കി. ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ തുടരണമെന്ന നിലപാട് എടുത്ത താൻ അതിനു കടകവിരുദ്ധമായ ജനവിധി നടപ്പാക്കുന്നതു ശരിയല്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

മുൻ ലണ്ടൻ മേയർ ബോറീസ് ജോൺസൻ പ്രധാനമന്ത്രിയാവുമെന്നു നേരത്തെ കരുതപ്പെട്ടിരുന്നെങ്കിലും ആഭ്യന്തരമന്ത്രി തെരേസാ മേയ്ക്കാണു കൂടുതൽ ചാൻസെന്ന് യുഗവ് അഭിപ്രായ സർവേയിൽ പറയുന്നു. ഇരുവരും ബ്രെക്സിറ്റിനെ അനുകൂലിച്ചവരാണ്. പെൻഷൻ മന്ത്രി സ്റ്റീഫൻ ക്രാബ് പ്രധാനമന്ത്രി പദത്തിൽ നോട്ടമിട്ടു പ്രചാരണം തുടങ്ങിയെന്നു സ്കൈന്യൂസ് റിപ്പോർട്ടു ചെയ്തു. സജിദ ജാവേദ് ധനകാര്യമന്ത്രിയാവാനും ശ്രമം തുടങ്ങി. ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ടിനും നേതൃപദവിയിൽ നോട്ടമുണ്ടെന്നു സ്പെക്റ്റേറ്റർ മാസിക ചൂണ്ടിക്കാട്ടി.


ഒരു സ്‌ഥാനാർഥിയെയും പിന്തുണച്ചു രംഗത്തിറങ്ങുകയില്ലെന്നു കാമറോൺ വ്യക്‌തമാക്കി.
പാർട്ടിയിൽ ഐക്യത്തിനാണു തന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. ബ്രെക്സിറ്റ് വോട്ടിനെത്തുടർന്നു ബ്രിട്ടനിൽ വംശീയ വിദ്വേഷപരമായ ആക്രമണങ്ങൾ വർധിച്ചതിൽ കാമറോൺ ഉത്ക്കണ്ഠ രേഖപ്പെടുത്തി. അസഹിഷ്ണുത വച്ചുപൊറുപ്പിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.