ട്രംപ് വധശ്രമം: ബ്രിട്ടീഷുകാരനു ജാമ്യമില്ല
ട്രംപ് വധശ്രമം: ബ്രിട്ടീഷുകാരനു ജാമ്യമില്ല
Tuesday, June 21, 2016 12:25 PM IST
വാഷിംഗ്ടൺ: ലാസ്വേഗസിലെ റാലിയിൽ നിയുക്‌ത റിപ്പബ്ളിക്കൻ സ്‌ഥാനാർഥി ട്രംപിനെ വധിക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായ ബ്രിട്ടീഷുകാരനു കോടതി ജാമ്യം നിഷേധിച്ചു. ശനിയാഴ്ചത്തെ റാലിക്കെത്തിയ മൈക്കൽ സാൻഡ്ഫോർഡ്(20) ഒരു പോലീസുകാരന്റെ കൈയിൽനിന്നു തോക്കു തട്ടിയെടുത്ത് ട്രംപിനെ വധിക്കാൻ ശ്രമിച്ചെന്നാണ് ആരോപണം.

ലാസ് വേഗസ് കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് മജിസ്ട്രേറ്റ് ജാമ്യം നിഷേധിച്ചു. പ്രതി അപകടകാരിയാണെന്നും അതിനാൽ പുറത്തുവിടരുതെന്നും കോടതി പറഞ്ഞു. റാലിയുടെ തലേന്നാണ് കലിഫോർണിയയിൽനിന്നു മൈക്കൽ ലാസ്വേഗസിലെത്തിയത്. ഏറെ നാളായി ട്രംപിനെ വധിക്കാൻ താൻ പ്ലാനിട്ടുവരികയായിരുന്നുവെന്ന് അയാൾ പോലീസിനോടു പറഞ്ഞു.


ലാസ്വേഗസിലെത്തിയ പ്രതി വെടിവയ്പു പഠിക്കാൻ ഒരു ഗൺ റേഞ്ചിൽ പോയി. റാലിക്കെത്തിയ ഇയാൾ ഓട്ടോഗ്രാഫ് വാങ്ങാനെന്ന വ്യാജേന പോലീസ് ഓഫീസറെ സമീപിക്കുകയും തോക്കു തട്ടിയെടുക്കുകയുമായിരുന്നു. പ്രതിയെ പോലീസ് കീഴടക്കി.

പ്രതിക്ക് മാനസിക അസ്വാസ്‌ഥ്യമുണ്ടെന്നു പറയപ്പെടുന്നു. ഇയാളുടെ വീസയുടെ കാലാവധി കഴിഞ്ഞതാണെന്നും പോലീസ് വെളിപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.