പാത്രിയർക്കീസ് ബാവായ്ക്കു നേരെയുള്ള ആക്രമണം: ഐഎസ് ഉത്തരവാദിത്വമേറ്റു
പാത്രിയർക്കീസ് ബാവായ്ക്കു നേരെയുള്ള ആക്രമണം: ഐഎസ് ഉത്തരവാദിത്വമേറ്റു
Monday, June 20, 2016 11:56 AM IST
ഡമാസ്കസ്: സിറിയൻ ഓർത്തഡോക്സ് സഭയുടെ തലവനായ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കിസ് ബാവയ്ക്കു നേരേ ഞായറാഴ്ച നടത്തിയ ചാവേർ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു. വടക്കുകിഴക്കൻ സിറിയയിലെ ഖാമിഷ്ലിയിലെ സെന്റ് ഗബ്രിയേൽ പള്ളിയിൽ 1915ലെ സെയ്ഫോ കൂട്ടക്കൊലയിൽ മരിച്ചവരെ അനുസ്മരിക്കുന്നതിനുള്ള ചടങ്ങിൽ ബാവ പങ്കെടുക്കുമ്പോഴാണ് ആക്രമണം നടന്നത്. ഓട്ടോമൻ തുർക്കികളുടെ ഭരണകാലത്തു അർമീനിയൻ ക്രൈസ്തവരെ വംശീയമായി ഉന്മൂലനം ചെയ്യുന്നതിനു നടത്തിയ കൂട്ടക്കൊലയുടെ ഭാഗമാണു സെയ്ഫോ കൂട്ടക്കൊല. രണ്ടരലക്ഷം പേരെങ്കിലും പ്രസ്തുത കൂട്ടക്കൊലയിൽ മരിച്ചെന്നാണു കരുതുന്നത്.

സെന്റ് ഗബ്രിയേൽ പള്ളിയിലെ ചടങ്ങിനു നിരവധി ക്രൈസ്തവർ എത്തിയിരുന്നു. ബാവയെ ലക്ഷ്യമിട്ട് എത്തിയ ചാവേർ ഭടൻ പള്ളിക്കുള്ളിൽ കടക്കുന്നതിനുമുമ്പേ അർമീനിയൻ ക്രൈസ്തവരുടെ സുരക്ഷാസംഘമായ സുട്ടോറോയിലെ ഭടന്മാർ അക്രമിക്കുനേരെ വെടിയുതിർത്തു. സ്ഫോടനത്തിൽ ചാവേർ ഭടനും മൂന്നു സുരക്ഷാഭടന്മാരും കൊല്ലപ്പെട്ടെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.


ബാവയ്ക്കു നേരെയുണ്ടായ ആക്രമണത്തെ ലോകനേതാക്കൾ അപലപിച്ചു.ആറു മാസത്തിനുള്ളിൽ ഖാമിഷ്ലിയിൽ ക്രൈസ്തവർക്കു നേരെയുണ്ടാവുന്ന നാലാമത്തെ ആക്രമണമായിരുന്നു ഞായറാഴ്ച നടന്നത്. മേയ് 22ന് അസീറിയൻ ക്രൈസ്തവരെ ലക്ഷ്യമിട്ട് ഐഎസ് നടത്തിയ ആക്രമണത്തിൽ അഞ്ചുപേർ മരിച്ചു.

ജനുവരിയിൽ നടന്ന സ്ഫോടനത്തിൽ മൂന്നു പേർ മരിക്കുകയും 20 പേർക്കു പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ ഡിസംബറിൽ നടന്ന ബോംബ് സ്ഫോടനങ്ങളിൽ 16 പേർ മരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.