മെഡിറ്ററേനിയനിൽ മുങ്ങിമരിച്ചത് 900 അഭയാർഥികൾ
മെഡിറ്ററേനിയനിൽ മുങ്ങിമരിച്ചത് 900 അഭയാർഥികൾ
Sunday, May 29, 2016 11:24 AM IST
റോം: ലിബിയയിൽനിന്നു ഇറ്റലിക്കു പോയ അഭയാർഥികളുടെ ബോട്ടുകൾ മെഡിറ്ററേനിയൻ കടലിൽ മുങ്ങി കഴിഞ്ഞയാഴ്ച 900 പേർ മരിച്ചെന്നു ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് എന്ന സംഘടന അറിയിച്ചു. അഭയാർഥികൾക്കുവേണ്ടിയുള്ള യുഎൻ ഹൈക്കമ്മീഷണറുടെ കണക്കുപ്രകാരം മരിച്ചവരുടെ എണ്ണം 700ൽ അധികമാണ്. മരിച്ചവരിൽ നിരവധി കുട്ടികളും ഉൾപ്പെടുന്നു. കഴിഞ്ഞ തിങ്കളാഴ്ചയ്ക്കുശേഷം ഇന്നലെവരെ 14000 പേരെ ഇറ്റാലിയൻ തീര സംരക്ഷണസേന നടുക്കടലിൽനിന്നു രക്ഷപ്പെടുത്തിയിട്ടുണ്ട്.

നിയന്ത്രണത്തെത്തുടർന്ന് തുർക്കിയിൽനിന്നു ഗ്രീസിലേക്കുള്ള അഭയാർഥി പ്രവാഹം കുറഞ്ഞ സാഹചര്യത്തിൽ യൂറോപ്പിലേക്കുള്ള അഭയാർഥികൾ അധികവും ലിബിയയിൽനിന്ന് ഇറ്റലിക്കുള്ള റൂട്ടാണു തെരഞ്ഞെടുക്കുന്നത്. മനുഷ്യക്കള്ളക്കടത്തുകാർ വൻതുക ഈടാക്കി സുരക്ഷിതമല്ലാത്ത ഫിഷിംഗ്ബോട്ടുകളിലും റബർബോട്ടുകളിലും മറ്റും കുത്തിനിറച്ച് അഭയാർഥികളെ ഇറ്റലിയിലേക്ക് അയയ്ക്കുകയാണ്. ഇത്തരത്തിലുള്ള ബോട്ടുകൾ അപകടത്തിൽപ്പെട്ട പല സംഭവങ്ങളുമുണ്ട്.


കഴിഞ്ഞ ബുധനാഴ്ച ഇത്തരത്തിലുള്ള ബോട്ടുമുങ്ങി 100 അഭയാർഥികൾ മരിച്ചു. ലിബിയയിലെ സബ്രാത്തയിൽനിന്നു പുറപ്പെട്ട മറ്റൊരു ബോട്ട് വ്യാഴാഴ്ച മുങ്ങി 550ൽ അധികം പേരെ കാണാതായി. ഇവരിൽ മിക്കവരും മരിച്ചെന്നാണു കരുതുന്നത്. വെള്ളിയാഴ്ച നടന്ന മൂന്നാമത്തെ ബോട്ടപകടത്തിൽ മരിച്ച 45 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. 300ൽ അധികം പേരുണ്ടായിരുന്നതെന്നു കരുതപ്പെടുന്ന ഈ റബർ ബോട്ടിലെ 135 പേരെ രക്ഷിച്ച് ഇറ്റാലിയൻ തുറമുഖങ്ങളായ ടരാന്റോ, പൊസാല്ലോ എന്നിവിടങ്ങളിലെത്തിച്ചു. കാണാതായ മറ്റുള്ളവർ മരിച്ചെന്നാണു കരുതപ്പെടുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.