ബംഗ്ലാ അക്രമത്തിൽ 12 മരണം
Sunday, May 29, 2016 11:24 AM IST
ധാക്ക: ബംഗ്ലാദേശിലെ പ്രാദേശിക തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പിനോട് അനുബന്ധിച്ചുണ്ടായ അക്രമസംഭവങ്ങളിൽ രണ്ടു സ്‌ഥാനാർഥികൾ ഉൾപ്പെടെ 12 പേർ കൊല്ലപ്പെട്ടു. 45 ജില്ലകളിലെ 717 യൂണിയൻ പരിഷത്തുകളിലേക്കാണ് ഇന്നലെ വോട്ടെടുപ്പു നടന്നത്. ജമാൽപ്പൂർ, നവഖാലി, കോമില്ല, നാരായൺഗഞ്ച് തുടങ്ങിയ സ്‌ഥലങ്ങളിലാണ് അക്രമം അരങ്ങേറിയത്.

മൂന്നരമാസം മുമ്പ് ഇലക്ഷൻ പ്രഖ്യാപിച്ചശേഷം ഇതുവരെ വിവിധ ആക്രമണങ്ങളിൽ മരിച്ചവരുടെ എണ്ണം 110 കവിഞ്ഞു. ഭരണം നടത്തുന്ന അവാമി ലീഗിന്റെ അനുയായികളും എതിരാളികളും തമ്മിലാണു പ്രധാനമായും ഏറ്റുമുട്ടൽ നടന്നത്. ചിലേടത്ത് പോലീസ് ബലപ്രയോഗവുമുണ്ടായി.


കോമില്ലയിൽ മത്സരിച്ച കമാലുദ്ദീൻ, ചിറ്റഗോംഗിലെ സ്‌ഥാനാർഥി യാസിൻ എന്നിവരാണു കൊല്ലപ്പെട്ട സ്‌ഥാനാർഥികൾ. ജമാൽപ്പൂരിൽ പോലീസ് നടത്തിയ വെടിവയ്പിൽ രണ്ടു കുട്ടികൾ ഉൾപ്പെടെ നാലുപേർക്കു ജീവഹാനി നേരിട്ടു.

ക്രമസമാധാന നില വഷളായതിനെത്തുടർന്നു 120 പോളിംഗ്ബൂത്തുകളിലെ വോട്ടെടുപ്പ് നിർത്തിവച്ചു. പാർട്ടി അടിസ്‌ഥാനത്തിൽ സ്‌ഥാനാർഥികളെ നിശ്ചയിച്ചു നടത്തുന്ന ആദ്യ ഇലക്ഷനാണിത്. മുൻകാലങ്ങളിൽ പാർട്ടി സ്‌ഥാനാർഥികൾക്കു പകരം സ്വതന്ത്രരായിരുന്നു മത്സരരംഗത്ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.