ഹജ്‌ജിന് തീർഥാടകരെ അയയ്ക്കില്ലെന്ന് ഇറാൻ
Sunday, May 29, 2016 11:24 AM IST
ടെഹ്റാൻ: ഈ വർഷത്തെ ഹജ്‌ജിൽ ഇറാനിൽനിന്നുള്ള തീർഥാടകർ പങ്കെടുക്കില്ലെന്ന് ഇറാൻ സാംസ്കാരിക മന്ത്രി അലി ജന്നാറ്റി അറിയിച്ചു. സൗദി അറേബ്യ മന:പ്പൂർവം തടസ്സം സൃഷ്ടിക്കുന്നതുകൊണ്ടാണിതെന്ന് അദ്ദേഹം പറഞ്ഞു.

രണ്ടു രാജ്യങ്ങളും തമ്മിൽ നയതന്ത്രബന്ധമില്ല. ഇറാന്റെ വിമാനങ്ങളിൽ ഹജ്‌ജ് തീർഥാടകരെ എത്തിക്കാൻ സൗദി അനുവദിക്കുന്നില്ലെന്നും തീർഥാടകർക്കു മൂന്നാമതൊരു രാജ്യത്തുനിന്നു മാത്രമേ വീസ അനുവദിക്കുകയുള്ളുവെന്നു പറഞ്ഞുവെന്നും ഇറാൻ കുറ്റപ്പെടുത്തി.


ടെഹ്റാനിലെ സ്വിസ് എംബസിയിൽനിന്നു വീസ വാങ്ങാൻ ഇറാനികൾക്ക് അനുമതി നൽകാമെന്ന് അറിയിച്ചെന്നും ഇറാൻ അനാവശ്യമായ ഡിമാൻഡുകൾ വയ്ക്കുകയാണെന്നും സൗദി അധികൃതർ പറഞ്ഞു. സൗദിയിലെത്തിയ ഇറാൻ പ്രതിനിധിസംഘം ചർച്ച വിജയിക്കാത്തതിനെത്തുടർന്നു കഴിഞ്ഞദിവസം നാട്ടിലേക്കു മടങ്ങി.

സുരക്ഷയാണ് ഇറാൻ ഉന്നയിക്കുന്ന മറ്റൊരു പ്രശ്നം. കഴിഞ്ഞവർഷം ഹജ്‌ജ് സമയത്തുണ്ടായ തിക്കിലും തിരക്കിലും 464 ഇറാൻകാർ ഉൾപ്പെടെ 2300 വിദേശികൾ മരിക്കുകയുണ്ടായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.