ആണവമുക്‌ത ലോകത്തിന് ഒബാമയുടെ ആഹ്വാനം
ആണവമുക്‌ത ലോകത്തിന് ഒബാമയുടെ ആഹ്വാനം
Friday, May 27, 2016 11:54 AM IST
ഹിരോഷിമ: ജപ്പാനിലെ ഹിരോഷിമയിലെ സമാധാന സ്മാരകം സന്ദർശിച്ച യുഎസ് പ്രസിഡന്റ് ബറാക് ഒബാമ ആണവമുക്‌ത ലോകത്തിന് ആഹ്വാനം ചെയ്തു. ഹിരോഷിമയിൽ അമേരിക്ക അണുബോംബിട്ട് 71 വർഷം പിന്നിട്ടശേഷമുള്ള ഒബാമയുടെ സന്ദർശനം ചരിത്രം കുറിക്കുന്നതായി. അധികാരത്തിലിരിക്കുമ്പോൾ ഹിരോഷിമ സന്ദർശിക്കുന്ന ആദ്യ യുഎസ് പ്രസിഡന്റാണ് ഒബാമ.

71 വർഷംമുമ്പ് തെളിഞ്ഞ ആകാശത്തിൽനിന്നു മരണം വർഷിക്കപ്പെട്ടപ്പോൾ ലോകംതന്നെ മാറിപ്പോയി. മിന്നലും അഗ്നിമതിലും ഒരു നഗരത്തെ നശിപ്പിച്ചു. സ്വയം നശീകരണത്തിനുള്ള ശേഷി മാനവകുലം നേടിയെന്നതിന്റെ പ്രകടനമായിരുന്നിത്– ഹിരോഷിമയിലെ സമാധാന സ്മാരകത്തിൽ റീത്തുവച്ചശേഷം നടത്തിയ പ്രസംഗത്തിൽ ഒബാമ പറഞ്ഞു. എന്തിനാണു നമ്മൾ ഹിരോഷിമയിൽ വരുന്നത്?

അണുബോംബ് വീണതിനെത്തുടർന്നു ജീവൻ പൊലിഞ്ഞ ജനലക്ഷങ്ങളുടെ ഓർമയെ ആദരിക്കാൻ. ജപ്പാൻകാരായ സ്ത്രീപുരുഷന്മാരും കുട്ടികളും മാത്രമല്ല കൊറിയക്കാരും തടവുകാരാക്കപ്പെട്ട അമേരിക്കക്കാരും ഇവിടെ ജീവൻ വെടിഞ്ഞു. നമ്മിലേക്കുതന്നെ പിന്തിരിഞ്ഞു നോക്കാൻ ഇവിടെ അസ്തമിച്ചവരുടെ ആത്മാക്കൾ ആവശ്യപ്പെടുന്നു. ബോംബു വീണ ആ നിമിഷം ഭാവനയിൽ കൊണ്ടുവരാം. അവരുടെ നിശബ്ദമായ കരച്ചിൽ കേൾക്കാം– ഒബാമ പറഞ്ഞു.

ഭയത്തിന്റെ പിടിയിൽനിന്നു വിമുക്‌തമാവാനും അണ്വായുധരഹിത ലോകത്തിനായി ശ്രമിക്കാനും എല്ലാ അണ്വായുധശക്‌തികളും തയാറാവണമെന്ന് ഒബാമ നിർദേശിച്ചു.


ഹിരോഷിമയിൽ അണുബോംബിട്ടതിന് ഒബാമ മാപ്പുപറഞ്ഞില്ല. പക്ഷേ ഇവിടെ നിരവധി ജീവനുകൾ പൊലിഞ്ഞതിൽ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. അണുബോംബ് ആക്രമണത്തെ അതിജീവിച്ച ഏതാനുംപേരുമായി ഒബാമ കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

രണ്ടാംലോക മഹായുദ്ധത്തിന്റെ അന്ത്യഘട്ടത്തിൽ അന്നത്തെ യുഎസ് പ്രസിഡന്റ് ഹാരി എസ് ട്രൂമാനാണ് ജപ്പാനിൽ അണുബോംബിടാൻ ഉത്തരവിട്ടത്. ഈ തീരുമാനത്തിന്റെ പേരിൽ മാപ്പു പറയില്ലെന്ന് ജപ്പാൻ സന്ദർശനത്തിനു മുമ്പേ ഒബാമ വ്യക്‌തമാക്കിയിരുന്നു. 1945 ഓഗസ്റ്റ് ആറിനാണ് യുഎസ് യുദ്ധവിമാനം ആദ്യത്തെ അണുബോംബ് ഹിരോഷിമയിൽ ഇട്ടത്. 140,000പേർക്കു ജീവഹാനി നേരിട്ടെന്നാണു കണക്ക്. മൂന്നു ദിവസത്തിനുശേഷം ജപ്പാൻ നഗരമായ നാഗസാക്കിയിൽ രണ്ടാമത്തെ അണുബോംബുമിട്ടു. 70,000പേർ കൊല്ലപ്പെട്ടു. ഇതെത്തുടർന്നു ജപ്പാൻ കീഴടങ്ങുകയും രണ്ടാംലോകമഹായുദ്ധത്തിന് അന്ത്യം കുറിക്കുകയും ചെയ്തു.

ആണവയുദ്ധത്തിനു തുടക്കം കുറിച്ച സ്‌ഥലമെന്നതിനേക്കാൾ ധാർമിക പുനരുജ്‌ജീവനത്തിനു തുടക്കം കുറിച്ച സ്‌ഥലമെന്ന നിലയിൽ ഭാവിയിൽ ഹിരോഷിമ ഓർമിക്കപ്പെടട്ടെയെന്ന് ഒബാമ പ്രത്യാശിച്ചു,

ആണവവിരുദ്ധ വികാരം പ്രകടിപ്പിച്ചുകൊണ്ടുള്ള ഒബാമയുടെ പ്രസംഗം ആശ്വാസം പകരുന്നതാണെന്ന് ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ പറഞ്ഞു. ഹിരോഷിമ പോലുള്ള ദുരന്തം ലോകത്തിൽ ഒരിടത്തും ഇനി ആവർത്തിക്കപ്പെടരുതെന്നും ആബെ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.