ട്രംപ് എണ്ണം തികച്ചു, ടിക്കറ്റ് ഉറപ്പായി
ട്രംപ് എണ്ണം തികച്ചു,  ടിക്കറ്റ് ഉറപ്പായി
Thursday, May 26, 2016 12:01 PM IST
വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്‌ഥാനാർഥിത്വം ലഭിക്കുന്നതിന് ആവശ്യമായ ഡെലിഗേറ്റുകളുടെ പിന്തുണ ഡൊണാൾഡ് ട്രംപ് സമാഹരിച്ചു. നോമിനേഷൻ കിട്ടാൻ 1237 ഡെലിഗേറ്റുകളുടെ പിന്തുണയാണു വേണ്ടത്. ട്രംപിനെ പിന്തുണയ്ക്കുന്നവരുടെ എണ്ണം ഇതിനകം 1238 ആയെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ടു ചെയ്തു. ആരോടും നേരത്തെ കൂറുപ്രഖ്യാപിക്കാത്ത ഏതാനും ഡെലിഗേറ്റുകൾ ട്രംപിനെ പിന്തുണച്ചു രംഗത്തെത്തുകയായിരുന്നു.

ജൂൺ ഏഴിനു നടക്കുന്ന പ്രൈമറികളിൽ കുറേപ്പേരുടെ പിന്തുണകൂടി ഉറപ്പാണ്. എതിരാളികളെല്ലാം നേരത്തെ പിന്മാറിയിരുന്നു. ജൂലൈയിലെ ക്ലീവ്ലാൻഡ് റിപ്പബ്ളിക്കൻ കൺവൻഷനിൽ ട്രംപിന്റെ സ്‌ഥാനാർഥിത്വം ഔപചാരികമായി പ്രഖ്യാപിക്കുന്നതിന് ഇനി തടസ്സമില്ല. ഡെമോക്രാറ്റിക് സ്‌ഥാനാർഥിയാവുമെന്നു കരുതപ്പെടുന്ന ഹില്ലരി ക്ലിന്റണെ നേരിടാൻ ട്രംപ് നേരത്തെതന്നെ ഒരുക്കം തുടങ്ങിയിരുന്നു.

റിയൽ എസ്റ്റേറ്റ് ബിസിനസുകാരനും കോടീശ്വരനുമായ ഡൊണാൾഡ് ട്രംപ്(69) രാഷ്ട്രീയരംഗത്തു നവാഗതനാണ്.ന്യൂയോർക്കിലെ ട്രംപ് ടവറാണ് അദ്ദേഹത്തിന്റെ ബിസിനസ് ആസ്‌ഥാനം . താമസവും അവിടെത്തന്നെ. 2015 ജൂൺ 16ന് ട്രംപ് ടവറിന്റെ ബേസ്മെന്റിൽ നടത്തിയ പ്രഖ്യാപനത്തോടെയാണ് ട്രംപ് മത്സരരംഗത്തിറങ്ങിയത്.


അന്ന് ട്രംപിനെ മിക്കവരും എഴുതിത്തള്ളി. ട്രംപിന്റെ പ്രകോപനപരമായ പ്രസംഗങ്ങളും അഭിപ്രായ പ്രകടനങ്ങളും റിപ്പബ്ളിക്കൻ നേതൃത്വത്തെവരെ അലോസരപ്പെടുത്തി. അദ്ദേഹത്തെ തഴയാൻ ശക്‌തമായ നീക്കം നടന്നു. മെക്സിക്കോയിൽനിന്നുള്ള അനധികൃത കുടിയേറ്റക്കാരെ തടയാൻ യുഎസ്–മെക്സിക്കോ അതിർത്തിയിൽ മതിൽനിർമിക്കുക, മുസ്്ലിംകളെ അമേരിക്കയിൽ പ്രവേശിക്കുന്നതിൽനിന്നു താത്കാലികമായി വിലക്കുക തുടങ്ങി പ്രകോപനപരമായ ഒട്ടേറെ പ്രസ്താവനകൾ ട്രംപ് നടത്തി.

മറ്റു സ്‌ഥാനാർഥി മോഹികളെ ഒതുക്കാൻ ആവശ്യമായ മാർക്കറ്റിംഗ് തന്ത്രങ്ങളും ട്രംപ് സമർഥമായി ഉപയോഗിച്ചു. എതിരാളികളുടെ ദുർബല വശങ്ങൾ കണ്ടെത്തി പരിഹാസപ്പേരിടുകയായിരുന്നു ഒരു തന്ത്രം. പ്രകോപിപ്പിക്കപ്പെട്ട അവർ ട്രംപിന്റെ പ്രസ്താവനകളോടു പ്രതികരിച്ചു. പ്രൈമറികളിൽ ഓരോരുത്തരായി വീണതോടെ ട്രംപ് മാത്രം ശേഷിച്ചു. ട്രംപിന്റെ റാലികളും ജനങ്ങളെ ആകർഷിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.