ഈജിപ്ത് എയർ വിമാനം തകർന്നതു സ്ഫോടനത്തിൽ
Tuesday, May 24, 2016 11:50 AM IST
കയ്റോ: ഈജിപ്ത് എയറിന്റെ പാരീസ്–കയ്റോ വിമാനം തകർന്നതു സ്ഫോടനത്തെത്തുടർന്നാണെന്നു സൂചന. കഴിഞ്ഞ വ്യാഴാഴ്ച ഈജിപ്ത്എയർ ഫ്ളൈറ്റ് 804 മെഡിറ്ററേനിയൻ സമുദ്രത്തിൽ തകർന്ന് 66 പേരാണു മരിച്ചത്.

കടലിൽനടത്തിയ തെരച്ചിലിൽ കിട്ടിയ ശരീര ഭാഗങ്ങളുടെ ഫോറൻസിക് പരിശോധനയ്ക്കുശേഷം ഒരു ഈജിപ്ഷ്യൻ ഉദ്യോഗസ്‌ഥനാണ് വിമാനത്തിൽ സ്ഫോടനം ഉണ്ടായെന്ന് അഭിപ്രായപ്പെട്ടത്. കിട്ടിയ അവശിഷ്‌ടങ്ങൾ മുഴുവൻ തീരെ ചെറുതായിരുന്നു. ശിരസോ, കൈകാലുകളോ പോലെ മുഴുവൻ ശരീരഭാഗങ്ങൾ ഒന്നും കിട്ടിയില്ല. സ്ഫോടനം ഉണ്ടാവുമ്പോഴാണ് സാധാരണ ശരീരം ഇതുപോലെ ചിതറിപ്പോകുന്നത്.


വിമാനം ആകാശമധ്യത്തിൽ പൊട്ടിത്തെറിച്ചതായിരിക്കാനാണു സാധ്യതയെന്ന് കയ്റോ പത്രം അൽ വത്താൻ റിപ്പോർട്ടു ചെയ്തു. എന്നാൽ സ്ഫോടനം നടന്നതിന് ഇതുവരെ തെളിവൊന്നുമില്ലെന്നും നേരത്തെ പുറത്തുവന്നിട്ടുള്ള റിപ്പോർട്ടുകൾ വെറും അഭ്യൂഹമാണെന്നും ഈജിപ്ഷ്യൻ സ്റ്റേറ്റ് ന്യൂസ് ഏജൻസി മെനാ പറഞ്ഞു.

വിമാനത്തിന്റെ ബ്ലാക്ബോക്സിനായി തെരച്ചിൽ നടത്താൻ ഈജിപ്ത് മുങ്ങിക്കപ്പൽ അയച്ചു. ബ്രിട്ടൻ, സൈപ്രസ്, ഫ്രാൻസ്, ഗ്രീസ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളുടെ സൈനികയൂണിറ്റുകൾ തെരച്ചിലിൽ പങ്കുചേരുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.