ഐഎസ് ആക്രമണം: സിറിയയിൽ 145 മരണം
ഐഎസ് ആക്രമണം: സിറിയയിൽ  145 മരണം
Monday, May 23, 2016 12:39 PM IST
ഡമാസ്കസ്: വടക്കുപടിഞ്ഞാറൻ സിറിയയിൽ സർക്കാർ നിയന്ത്രിത മേഖലയിൽ ഇന്നലെ ഐഎസ് നടത്തിയ സ്ഫോടന പരമ്പരയിൽ കുറഞ്ഞത് 145 പേർ കൊല്ലപ്പെട്ടു. തീരദേശ പട്ടണങ്ങളായ ജബ്ലെ, ടാർട്ടസ് പട്ടണങ്ങളിലാണ് കാർബോംബ്, ചാവേർ ആക്രമണങ്ങൾ നടന്നതെന്നു ബ്രിട്ടൻ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന സിറിയൻ ഒബ്സർവേറ്ററി അറിയിച്ചു.

ആശുപത്രികൾ, ബസ്സ്റ്റേഷനുകൾ എന്നിവയ്ക്കു നേരേ ആക്രമണമുണ്ടായി. സിറിയൻ ആഭ്യന്തരയുദ്ധം ആരംഭിച്ചശേഷം ഈ നഗരങ്ങളിൽ ഇത്രയും രൂക്ഷമായ ആക്രമണം ആദ്യമാണെന്ന് ഒബ്സർവേറ്ററി മേധാവി റമി അബ്ദുൾ റഹ്മാൻ പറഞ്ഞു.

ടാർട്ടസ് പ്രവിശ്യയുടെ തലസ്‌ഥാനമായ ടാർട്ടസിൽ റഷ്യയുടെ നാവികത്താവളമുണ്ട്. ലടാക്കിയ പ്രവിശ്യയിലെ ജെബ്്ലെയിൽ റഷ്യയുടെ വ്യോമത്താവളം സ്‌ഥിതിചെയ്യുന്നു.


തുർക്കി, ഖത്തർ, സൗദി എന്നിവയുടെ പിന്തുണയോടെ ഭീകരർ ആക്രമണം വർധിപ്പിച്ചിരിക്കുകയാണെന്ന് യുഎന്നിന് അയച്ച കത്തിൽ സിറിയൻ വിദേശമന്ത്രാലയം പരാതിപ്പെട്ടു. പ്രസിഡന്റ് അസാദിനു റഷ്യൻ പ്രസിഡന്റ് പുടിൻ അനുശോചന സന്ദേശം അയച്ചു.അസാദിന്റെ അലാവൈറ്റ് സമുദായാംഗങ്ങളെ ലക്ഷ്യംവച്ചാണ് ആക്രമണം നടത്തിയതെന്ന് ഐഎസ് ഓൺലൈനിൽ നൽകിയ പ്രസ്താവനയിൽ പറഞ്ഞു.

നേരിട്ടുള്ള യുദ്ധത്തിനു പകരം സിവിലിയന്മാരെ വകവരുത്തുന്നതിനാണ് ഐഎസ് തുനിയുന്നതെന്ന് സിറിയൻ ഇൻഫർമേഷൻ മന്ത്രി ഉമ്റാൻ അൽ്സൗബി ആരോപിച്ചു. ഐഎസിനെതിരേയുള്ള പോരാട്ടം ശക്‌തമാക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.