തുർക്കിയിൽ ബിനാലി യിൽദ്രിം എകെ പാർട്ടി അധ്യക്ഷൻ
തുർക്കിയിൽ ബിനാലി യിൽദ്രിം എകെ പാർട്ടി അധ്യക്ഷൻ
Sunday, May 22, 2016 11:58 AM IST
ഇസ്താംബുൾ: തുർക്കി പ്രസിഡന്റ് തയിപ് എർദോഗന്റെ വിശ്വസ്തനും ഗതാഗതമന്ത്രിയുമായ ബിനാലി യിൽദ്രിമിനെ(60) ഭരണകക്ഷിയായ എകെ പാർട്ടിയുടെ തലവനായി തെരഞ്ഞെടുത്തു. എകെ പാർട്ടിയുടെ അധ്യക്ഷൻ പ്രധാനമന്ത്രിയാകുന്നതാണു തുർക്കിയിലെ കീഴ്വഴക്കം. അങ്കാരയിൽ ചേർന്ന 1,405 പാർട്ടി പ്രതിനിധികളുടെ യോഗമാണ് യിൽദ്രിമിനെ ചെയർമാൻ സ്‌ഥാനത്തേക്കു നാമനിർദേശം ചെയ്തത്.

തുർക്കിക്കു പുതിയ ഭരണഘടന ആവശ്യമുണ്ടെന്ന് അധ്യക്ഷസ്‌ഥാനം ഏറ്റെടുത്ത യിൽദ്രിം പറഞ്ഞു. ഭീകരവാദത്തിനെതിരേയുള്ള പോരാട്ടം തുടരും. ഐഎസും കുർദിഷ് ഭീകരരുമാണ് രാജ്യത്തിനു വെല്ലുവിളി ഉയർത്തുന്നതെന്നും പുതിയ നേതൃത്വം ഈ വെല്ലവിളി ഏറ്റെടുക്കുകയാണെന്നും യിൽദ്രിം പറഞ്ഞു. തുർക്കിയിൽ പ്രസിഡൻഷ്യൽ രീതി നടപ്പാക്കാനുള്ള പ്രസിഡന്റിന്റെ നീക്കങ്ങൾ വിവാദമായിരുന്നു. ഇതുതന്നെയാണ് യിൽദ്രിമിന്റെയും ലക്ഷ്യം. പാർട്ടിസ്‌ഥാപകൻകൂടിയായ എർദോഗനുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്നാണ് നിലവിലെ പ്രധാനമന്ത്രി അഹമ്മദ് ഒഗ്ലു സ്‌ഥാനമൊഴിഞ്ഞത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.